കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചതായി പരാതി

ആശുപത്രിയ്ക്ക് പുറത്ത് എസിപിയടക്കം പൊലീസ് സംഘമുണ്ടായിരുന്നെങ്കിലും തടയാന്‍ ആരും ശ്രമിച്ചില്ലെന്നും ആരോപണം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചതായി പരാതി
dot image

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചുവെന്ന് ആരോപണം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവരെ ആശുപത്രിയ്ക്ക് അകത്തുകയറി മര്‍ദിച്ചുവെന്നാണ് പരാതി. ടി സിദ്ധിഖ് എംഎല്‍എയെയും കെ എം അഭിജിത്തിനെയും തടഞ്ഞുവെന്നും ആരോപിച്ചു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.

സിപിഐഎം ടൗണ്‍ ഏരിയാ സെക്രട്ടറിയുടെയും ജില്ലാ നേതാക്കളുടെയും നേതൃത്വത്തിലുളള ഒരു സംഘം നേതാക്കളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി മര്‍ദിച്ചതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. കാഷ്വാലിറ്റിക്ക് അകത്തുപോലും കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ആശുപത്രിയ്ക്ക് പുറത്ത് എസിപിയടക്കം പൊലീസ് സംഘമുണ്ടായിരുന്നെങ്കിലും തടയാന്‍ ആരും ശ്രമിച്ചില്ലെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ സുരക്ഷ ലഭിക്കില്ലെന്ന സാഹചര്യമായതോടെ കെഎസ്‌യു പ്രവര്‍ത്തകരെയും കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ സ്വകാര്യ ആശുപത്രികളിലേക്ക് പോവുകയായിരുന്നുവെന്നാണ് നേതാക്കള്‍ പറയുന്നത്.

അതേസമയം, കാലിക്കറ്റ് സര്‍വകലാശാലയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്എഫ് ഐ പ്രവര്‍ത്തകരെയും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നിരുന്നുവെന്നും അവരെ കാണാനാണ് തങ്ങള്‍ എത്തിയത് എന്നുമാണ് സിപിഐഎം ഇതിന് മറുപടിയായി പറയുന്നത്. പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് വിശദീകരണം. ആശുപത്രിയ്ക്ക് മുന്നില്‍ സംഘര്‍ഷമുണ്ടാകുന്നതിന്റെയും പൊലീസുകാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Content Highlights: Complaint alleging that CPI(M) workers attacked KSU workers at Kozhikode Medical College

dot image
To advertise here,contact us
dot image