
പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് വിവാദ കാലയളവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു. സ്വര്‍ണം പൂശിയത് തെളിഞ്ഞെന്നും ചെമ്പായെന്നും തന്ത്രിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതാണ് താന്‍ റിപ്പോര്‍ട്ട് ചെയ്തത്. ചെമ്പാണെന്ന് തെളിഞ്ഞതുകൊണ്ടാണ് നവീകരണം നടത്തേണ്ടി വന്നതെന്നും വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നും മുരാരി ബാബു മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ റിപ്പോര്‍ട്ട് തിരുവാഭരണ കമ്മീഷണര്‍ പരിശോധിച്ചശേഷമാണ് തുടര്‍നടപടികളിലേക്ക് കടന്നത്. അവര്‍ വന്നുപരിശോധിച്ച ശേഷമാണ് 2019-ല്‍ ഇത് ഇളക്കിയെടുത്ത് കോണ്ടുപോകുന്നത്. ജൂലൈ മാസത്തിലാണ് അത്. ആ സമയത്ത് തനിക്ക് ചുമതലയില്ലെന്നും മുരാരി ബാബു പറഞ്ഞു. നിലവില്‍ തിരുവിതാംകൂര്‍ ഡെപ്യൂട്ടി കമ്മീഷണറാണ് ഇദ്ദേഹം.
2019 ലെ മഹ്‌സറില്‍ ശബരിമലയിലേത് ചെമ്പ് പാളികളാണ് എന്നെഴുതിയതില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, തിരുവാഭരണം കമ്മീഷണര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ക്ക് പങ്ക് ഉണ്ടെന്നായിരുന്നു ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവാണ് ഇതിന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതികരണം.
2024 ല്‍ വീണ്ടും സ്വര്‍ണപ്പാളി നവീകരിക്കാനായി പാളികള്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കണമെന്ന് അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു ആവശ്യപ്പെട്ടതായും അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ അന്ന് മുരാരി ബാബുവിന്റെ കത്ത് ദേവസ്വം ബോര്‍ഡ് തള്ളുകയായിരുന്നു. മുരാരി ബാബുവിനെ സസ്‌പെൻഡ് ചെയ്യുമെന്നാണ് വിവരം. ഇന്നത്തെ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം എടുത്തേക്കും.
1998-99 ല്‍ ദ്വാരകപാലശില്‍പ്പത്തില്‍ സ്വര്‍ണം പൊതിഞ്ഞതും പിന്നീട് തൂക്കം കുറഞ്ഞതും സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണഅറിവുണ്ടെന്ന് വ്യക്തമാണെന്നും ഒന്നരക്കിലോഗ്രാമില്‍ കുറയാതെ തൂക്കത്തില്‍ സ്വര്‍ണം പൊതിഞ്ഞതിനെപ്പറ്റി ഒന്നും പരാമര്‍ശിക്കാതെ, മഹ്‌സറില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ചെമ്പുപാളികള്‍ എന്ന് വിശദീകരിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ശില്‍പ്പങ്ങൾ പൊതിഞ്ഞിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടെന്ന് വ്യക്തമാണെന്നും ഇത് മോഷണവും ക്രിമിനല്‍ക്രമക്കേടും വിശ്വാസ വഞ്ചനയുമാണെന്നാണ് കോടതി നിരീക്ഷണം.
Content Highlights: Tantri reports that copper in sculptures has been found said Murari Babu