
രാജ്യത്ത് എവിടെ പോയാലും സ്ഥിരമായി കാണാവുന്ന വാഹനമാണ് ബൊലെറോ. ടാക്സിയായും അല്ലാതെയും ഈ വാഹനം ഉപയോഗിക്കുന്നവർ നിരവധിയുണ്ട്. ദീർഘദൂര യാത്രയ്ക്കും മറ്റും പറ്റിയ വാഹനം കൂടിയാണിവ. ഇത്തരത്തിൽ വലിയ ജനപ്രീതി മഹീന്ദ്രയുടെ ബൊലെറോയ്ക്കുണ്ട്. ഇപ്പോളിതാ ബൊലെറോയുടെ ഏറ്റവും പുതിയ വേർഷൻ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര.
2025 മഹീന്ദ്ര ബൊലെറോയും ബൊലെറോ നിയോയുമാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ബൊലേറോയ്ക്ക് 7.99 ലക്ഷം രൂപയും നിയോയ്ക്ക് 8.49 ലക്ഷം രൂപയുമാണ് അടിസ്ഥാനവില. ക്രോം ഇൻസേർട്ടുകൾ ഉള്ള 5 സ്റ്റാർ ഗ്രില്ലുകൾ ഉള്ള വണ്ടിയാണ് ബൊലെറോ. B6 ട്രിം ഫോഗ് ലാമ്പുകളും 16 ഇഞ്ച് അലോയ് വീലുകളുമാണ് വണ്ടിക്കുള്ളത്.
മീഡിയ കൺട്രോളിങ്ങിനായി ടച്ച് സ്ക്രീൻ ആണ് വണ്ടിക്കുള്ളത്. പക്ഷെ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവ സപ്പോർട്ട് ചെയ്യില്ല. യുഎസ്ബി സി ടൈപ്പ് ചാർജിങ്, ബോട്ടിൽ ഹോൾഡറുകൾ തുടങ്ങി പലവിധ ഫീച്ചറുകളും ഉണ്ട്. ഒന്നര ലിറ്റർ ശേഷിയുള്ള മൂന്ന് സിലിണ്ടർ എഞ്ചിനുകളാണ് വണ്ടിക്കുള്ളത്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സും വണ്ടിക്കുണ്ട്. 7.99 ലക്ഷം മുതൽ 9.69 ലക്ഷം രൂപ വരെയാണ് വില.
മഹീന്ദ്ര നിയോയുടെ n4 വേരിയന്റ് 8.49 ലക്ഷം രൂപയ്ക്കാണ് ആരംഭിക്കുക. n11 വേരിയന്റിന് 9.99 ലക്ഷം രൂപയാകും. സ്ലേറ്റ് ഗ്രിൽ ഉള്ള മുൻഭാഗം തുടങ്ങി അലോയ് വീലുകൾ വരെ വാഹനത്തിനുണ്ട്. രണ്ട് ടോണുകൾ ഉള്ള ഇന്റീരിയർ ആണ് ഇതിനുള്ളത്. ജീൻസ് ബ്ലൂ, കോൺക്രീറ്റ് ഗ്രേ നിറങ്ങളിലാണ് വണ്ടികൾ ലഭിക്കുക. ബൊലെറോയിൽ ഉള്ളത് പോലെ ഒന്നര ലിറ്റർ ശേഷിയുള്ള മൂന്ന് സിലിണ്ടർ എഞ്ചിനുകളാണ് ഈ വാഹനത്തിനുള്ളത്.
Content Highlights: mahindra launches bolero and bolero neo