
തിരുവനന്തപുരം: കാസര്‍കോട് കുമ്പള ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പലസ്തീന്‍ അനുകൂല മൈം ഇന്ന് വീണ്ടും വേദിയില്‍ അവതരിപ്പിച്ചതില്‍ അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലോകമെങ്ങുമുള്ള അനീതിക്കെതിരെ ശബ്ദിക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് ധൈര്യവും പ്രോത്സാഹനവും നല്‍കേണ്ടത് നമ്മുടെ കടമയാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.
തടഞ്ഞുവെക്കപ്പെട്ട മൈം അതേ വേദിയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ആ വാക്ക് ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നുവെന്നും വി ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. കുട്ടികളുടെ ജനാധിപത്യപരവും മതനിരപേക്ഷവുമായ അവകാശങ്ങള്‍ക്കും അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ഒപ്പമാണ് ഈ സര്‍ക്കാര്‍ എന്ന് ഒരിക്കല്‍ കൂടി ഉറക്കെ പ്രഖ്യാപിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
പ്രിയമുള്ളവരെ,
കാസര്‍ഗോഡ് കുമ്പള ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കലോത്സവ വേദിയില്‍ തടഞ്ഞുവെക്കപ്പെട്ട മൈം, അതേ വേദിയില്‍ അവതരിപ്പിക്കാന്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ആ വാക്ക് ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നു. പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ആ വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകമായ പ്രതിഷേധം വിജയകരമായി വേദിയിലെത്തി.
കുട്ടികളുടെ ജനാധിപത്യപരവും മതനിരപേക്ഷവുമായ അവകാശങ്ങള്‍ക്കും അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ഒപ്പമാണ് ഈ സര്‍ക്കാര്‍ എന്ന് ഒരിക്കല്‍ കൂടി ഉറക്കെ പ്രഖ്യാപിക്കുകയാണ്. തടസ്സങ്ങളെല്ലാം മാറ്റി, അവരുടെ മൈം അവതരിപ്പിക്കാന്‍ അവസരമൊരുക്കിയതിലൂടെ നാം ഉയര്‍ത്തിപ്പിടിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെയും കലയുടെ ശക്തിയെയുമാണ്. ലോകമെങ്ങുമുള്ള അനീതിക്കെതിരെ ശബ്ദിക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് ധൈര്യവും പ്രോത്സാഹനവും നല്‍കേണ്ടത് നമ്മുടെ കടമയാണ്. അവതരണത്തിന് അവസരമൊരുക്കാന്‍ മുന്നിട്ടിറങ്ങിയ സംഘാടകരെയും അധ്യാപകരെയും, ധീരമായി തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്ന പ്രിയ വിദ്യാര്‍ത്ഥികളെയും ഹൃദയത്തോട് ചേര്‍ത്തഭിനന്ദിക്കുന്നു. നിങ്ങളുടെ ധൈര്യമാണ് നാളെയുടെ പ്രതീക്ഷ. എല്ലാ ഭാവുകങ്ങളും നേരുന്നു.
വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലിലായിരുന്നു കുമ്പളയിലെ സ്‌കൂളില്‍ ഇന്ന് വീണ്ടും പലസ്തീന്‍ അനുകൂല മൈം അരങ്ങേറിയത്.
കനത്ത പൊലീസ് കാവലിലാണ് വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ സന്ദേശം ലോകത്തിന് കലയിലൂടെ ആവിഷ്‌കരിച്ചത്. പലസ്തീന് അനുകൂലമായി മറ്റ് വിദ്യാര്‍ത്ഥികള്‍ സദസില്‍ മുദ്രാവാക്യമുയര്‍ത്തിയെങ്കിലും വേദിയില്‍ മൈം തുടങ്ങിയപ്പോള്‍ നിശബ്ദമായി. ആരോപണ വിധേയരായ അധ്യാപകരെ മാറ്റിനിര്‍ത്തിയായിരുന്നു കലോത്സവ നടത്തിപ്പ്.
Content Highlights: Palestine support Mime V sivankutty Said Government kept word