കുമ്പളയിലെ മൈം അവതരണം തടഞ്ഞ അധ്യാപകരിൽ ഒരാൾ സിപിഐ അനുകൂല സംഘടനയിലെ അംഗം

കലോത്സവ മാനുവലിന് വിരുദ്ധമായത് കൊണ്ടാണ് മൈം തടസ്സപ്പെടുത്തിയതെന്ന് അധ്യാപകർ

കുമ്പളയിലെ മൈം അവതരണം തടഞ്ഞ അധ്യാപകരിൽ ഒരാൾ സിപിഐ അനുകൂല സംഘടനയിലെ അംഗം
dot image

കുമ്പള: കാസർകോട് കുമ്പളയിൽ സർക്കാർ സ്‌കൂളിൽ പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട മൈം അവതരണം തടഞ്ഞ അധ്യാപകരിൽ ഒരാൾ ഭരണാനുകൂല സംഘടനയിലെ അംഗം. അധ്യാപകനായ സുപ്രീത് സിപിഐയുടെ എകെഎസ്ടിയു സംഘടനയിൽ അംഗമാണ്. പ്രശ്‌നമുണ്ടാക്കിയ മറ്റൊരു അധ്യാപകനായ പ്രദീപ് കുമാർ സംഘ പരിവാർ അനുകൂല ട്രേഡ് യൂണിയനായ ദേശിയ അധ്യാപക പരിഷത്ത് അംഗമാണ്.

കലോത്സവ മാനുവലിന് വിരുദ്ധമായത് കൊണ്ടാണ് മൈം തടസ്സപ്പെടുത്തിയതെന്നാണ് അധ്യാപകരുടെ വാദം. മൈം നടത്തുന്നതിനായുള്ള നിബന്ധനങ്ങൾക്ക് അതീതമായാണ് അവതരണം നടന്നതെന്നും അനുവദനീയമായതിൽ അധികം പേർ സ്റ്റേജിൽ കയറിയെന്നുമാണ് ഇവരുടെ വിശദീകരണം.

അധ്യാപകരെ അനുകൂലിക്കും വിധമാണ് കാസർകോട് ഡിഡിഇയുടെ റിപ്പോർട്ട്. അധ്യാപകർ ചെയ്തതിൽ തെറ്റില്ലെന്നും കലോത്സവ മാനുവലിന് വിരുദ്ധമെന്ന് തോന്നിയതിനാലാണ് തടഞ്ഞതെന്നും ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പരിപാടി നടത്തിയതിൽ തെറ്റില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നിലപാട്. പരിപാടിയെ അനുകൂലിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തിയിരുന്നു. എന്നാൽ ഈ നിലപാടുകൾക്ക് വിരുദ്ധമാണ് ഡിഡിഇയുടെ റിപ്പോർട്ട്.

അതേസമയം പ്രശ്‌നത്തെ തുടർന്ന് നിർത്തിവെച്ച കലോത്സവം തിങ്കളാഴ്ച നടത്തും. അധ്യാപകർ തടസപ്പെടുത്തിയ മൈം ഷോയും അവതരിപ്പിക്കും. മൈം തടസപ്പെടുത്തിയ അധ്യാപകർക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പലസ്തീൻ വിഷയം പ്രമേയമാക്കിയ മൈം ഷോ അധ്യാപകർ തടഞ്ഞത്. പരിപാടി പൂർത്തിയാകും മുൻപേ അധ്യാപകർ സ്റ്റേജിൽ കയറി കർട്ടൻ താഴ്ത്തുകയായിരുന്നു.

വിഷയത്തിൽ ഇടപെട്ട മന്ത്രി, അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. വിദ്യാർത്ഥികൾക്ക് ഇതേ വേദിയിൽ മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തുടർനടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Content Highlights: Kasaragod Mime controversy; the teacher is the member of CPI support union

dot image
To advertise here,contact us
dot image