
കൊച്ചി: കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ചു. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 10 പ്രതികളാണ് ഉൾപ്പെട്ടിട്ടുള്ളത്. വേടൻ കഞ്ചാവ് ഉപയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. വേടന്റെ ഫ്ലാറ്റിൽ നിന്നാണ് ഹിൽപാലസ് പൊലീസും ഡാൻസാഫും ചേർന്ന് കഞ്ചാവ് പിടികൂടിയത്. ഏപ്രിൽ 28-നായിരുന്നു സംഭവം.
കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ കഴുത്തിൽ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് ലോക്കറ്റുമായി ബന്ധപ്പെട്ട് വനംവകുപ്പും വേടനെതിരെ കേസെടുത്തിരുന്നു. ഏഴ് വർഷം വരെ തടവ് ലഭിക്കുന്ന വകുപ്പുകളായിരുന്നു വേടനെതിരെ വനംവകുപ്പ് ചുമത്തിയിരുന്നത്. തൊട്ടുപിന്നാലെ വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു.
പരിപാടിക്കായി തയാറെടുപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് കഞ്ചാവ് ഉപയോഗിച്ചതെന്നായിരുന്നു വേടന്റെ മൊഴി. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും ചോദ്യം ചെയ്യലിൽ വേടൻ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
ലഹരി ഉപയോഗിച്ചിരുന്നതില്‍ വളരെയധികം പശ്ചാത്താപമുണ്ടെന്നും വഴികാട്ടാന്‍ ആരുമില്ലായിരുന്നെന്നും വേടന്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ കോഫി വിത്ത് അരുണ്‍ പരിപാടിയില്‍ പ്രതികരിച്ചിരുന്നു. താന്‍ വളര്‍ന്ന ചുറ്റുപാടില്‍ പലതും വളരെ സുലഭമായിരുന്നുവെന്നും 13 വയസ്സുമുതല്‍ ലഹരി ഉപയോഗിച്ചിരുന്നെന്നും വേടന്‍ പറഞ്ഞിരുന്നു. ജോലിക്ക് പോയാലേ പട്ടിണി കിടക്കാതെ കഴിയാനാകൂ എന്ന് കരുതുന്നവരാണ് പട്ടികജാതി കോളനികളില്‍ ഉള്ളവര്‍. മക്കള്‍ ഏതുവഴിക്കാണ് പോകുന്നത്, അവര്‍ എന്താണ് ഉപയോഗിക്കുന്നത് അവര്‍ പഠിക്കുന്നുണ്ടോ എന്നൊന്നും ആലോചിക്കാനുള്ള സമയം പോലും രക്ഷിതാക്കള്‍ക്ക് ലഭിക്കാറില്ലെന്നും വേടന്‍ കൂട്ടിച്ചേർത്തിരുന്നു.
Content Highlights: Chargesheet filed against rapper Vedan in cannabis case