
മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതുകയാണ് ഡൊമിനിക് അരുൺ ചിത്രം ലോക. 275 കോടി രൂപ ആഗോളതലത്തിൽ കളക്ഷൻ നേടിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രം എന്ന ലേബൽ ഇനി ലോകയ്ക്ക് സ്വന്തം. മഞ്ഞുമ്മൽ ബോയ്‌സിനേയും എമ്പുരാന്റെയും കളക്ഷൻ റെക്കോർഡുകൾ തകർത്താണ് ലോക ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു റെക്കോർഡിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ് ലോക.
കേരളത്തിൽ മോഹൻലാൽ ചിത്രമായ തുടരുമിനെ മറികടന്ന് ഒന്നാം സ്ഥാനം നേടാൻ ലോകയ്ക്ക് ഇനി വേണ്ടത് വെറും അഞ്ച് കോടി മാത്രമാണ്. നിലവിൽ ലോക കേരളത്തിൽ നിന്നും ഇതുവരെ നേടിയത് 114 കോടി രൂപയാണ്. തുടരുമാകട്ടെ 119 കോടി സ്വന്തമാക്കിയിട്ടാണ് കേരളക്കര വിട്ടത്. കേരള മാർക്കറ്റിൽ നിന്നും ഒരു മലയാളം സിനിമ നേടിയ ഏറ്റവും ഉയർന്ന കളക്ഷനും ഇതോടെ തുടരുമിന്റെ പേരിലായി. ഈ റെക്കോർഡാണ് ഇപ്പോൾ ലോക തകർക്കാൻ ഒരുങ്ങുന്നത്. മികച്ച കളക്ഷനുമായി ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുന്ന ലോക വരും ദിവസങ്ങളിൽ ഈ മോഹൻലാൽ സിനിമയെ മറികടക്കും എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.
ഇതോടൊപ്പം മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം തമിഴ് നാട്ടിൽ നിന്നും 10 കോടി ഷെയറിന് മുകളിൽ നേടുന്ന ഒരു മലയാള സിനിമയായി മാറിയിരിക്കുകയാണ് ലോക. അഞ്ചാം ആഴ്ചയിലും ഗംഭീര കളക്ഷൻ ആണ് സിനിമയ്ക്ക് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്. മലയാളത്തിന്റെ തലവര മാറ്റിയ മഞ്ഞുമ്മൽ ബോയ്‌സ് 50 കോടിയാണ് നേടിയത്. ഒരു മലയാള സിനിമ തമിഴ്നാട്ടിൽ നിന്നും നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്. അതേസമയം, ഈ നേട്ടത്തെ ലോക മറികടക്കുമോ എന്നും പലരും ഉറ്റുനോക്കുന്നുണ്ട്.
ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് ലോക. രണ്ട് ലക്ഷത്തിലേറെ വോട്ടുകളാണ് സിനിമ നേടിയിരിക്കുന്നത്. പോസ്റ്റർ പങ്കുവച്ചുകൊണ്ട് സിനിമയുടെ നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സൗത്ത് ഇന്ത്യയില്‍ ആദ്യമായി ഒരു നായിക കേന്ദ്ര കഥാപാത്രമായി എത്തി 100 കോടി നേടി എന്ന നേട്ടവും കല്യാണി ലോകയിലൂടെ സ്വന്തമാക്കിയിരുന്നു. ബുക്ക് മൈ ഷോയിൽ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യൺ ടിക്കറ്റുകൾ വിറ്റ് പോയ ചിത്രമെന്ന റെക്കോർഡും ലോക സ്വന്തമാക്കിയിട്ടുണ്ട്. ഓണം റിലീസായി എത്തിയ ചിത്രം 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്.
#Lokah is set to cross ₹114 Cr by today with an extraordinary hold. The gap to the #1 spot is now under ₹5 Cr.pic.twitter.com/c5rgB88NVD
— MalayalamReview (@MalayalamReview) September 30, 2025
അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
Content Highlights: Lokah all set to cross Thudarum at kerala box office