
പട്‌ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനു ശേഷമാണ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. 7.42 കോടി വോട്ടര്‍മാരുടെ പേരുകളാണ് പട്ടികയിലുളളത്. ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് മുന്‍പ് സംസ്ഥാനത്ത് 7.89 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഓഗസ്റ്റ് 1 ന് കരട് വോട്ടര്‍ പട്ടിക പുറത്തിറങ്ങിയപ്പോള്‍ 65 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. 7.24 കോടി വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 21.53 ലക്ഷം പേരുകള്‍ ചേര്‍ത്തു. 3.66 ലക്ഷം പേരെ ഒഴിവാക്കുകയും ചെയ്തുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
ബിഹാറിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ബൂത്ത് ലെവല്‍ ഏജന്റുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നന്ദി പറഞ്ഞു. വോട്ടര്‍മാര്‍ക്ക് അവരുടെ വിവരങ്ങള്‍ voters.eci.gov.in/download-eroll എന്ന വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാമെന്ന് ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിനോദ് സിംഗ് ഗുഞ്ചിയാല്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അര്‍ഹരായ ആളുകള്‍ക്ക് തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തിയതിക്ക് 10 ദിവസം മുന്‍പുവരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസി. ഡയറക്ടര്‍ അപൂര്‍വ കുമാര്‍ സിംഗ് അറിയിച്ചു.
വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഒക്ടോബര്‍ ഏഴിന് എസ് ഐ ആറുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീംകോടതി പരിഗണിക്കും. കേസ് അന്തിമവാദത്തിന് പരിഗണിക്കുന്നതിന് മുന്‍പ് തന്നെ ബിഹാറില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഒക്ടോബര്‍ നാലിനും അഞ്ചിനുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ ബിഹാര്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം. ഒക്ടോബര്‍ മൂന്നിന് ഡല്‍ഹിയില്‍ ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Content Highlights: Final voter list published in Bihar: 7.42 lakh people in the list, 3.66 lakh people left out