'നന്ദി മോദി,വീടില്ലാത്തവർക്ക് തലചായ്ക്കാൻ ഇടമൊരുക്കിയതിന്'; തുരുത്തിയിലെ ഫ്‌ളാറ്റിൽ അവകാശവാദവുമായി ബിജെപിയും

ആകെ ചെലവിന്റെ 50 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ 30 ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

'നന്ദി മോദി,വീടില്ലാത്തവർക്ക് തലചായ്ക്കാൻ ഇടമൊരുക്കിയതിന്'; തുരുത്തിയിലെ ഫ്‌ളാറ്റിൽ അവകാശവാദവുമായി ബിജെപിയും
dot image

കൊച്ചി: തുരുത്തിയിലെ ഇരട്ട ഫ്ളാറ്റ് സമുച്ചയത്തില്‍ കോണ്‍ഗ്രസിന് പിന്നാലെ അവകാശവാദവുമായി ബിജെപിയും. വീടില്ലാത്ത നാനൂറോളം കുടുംബങ്ങള്‍ക്ക് സമാധാനത്തോടെ തലചായ്ക്കാന്‍ ഇടമൊരുക്കിയതിന് മോദിക്ക് നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു,

ഫോര്‍ട്ട് കൊച്ചി- തുരുത്തി കോളനിയിലെ 394 കുടുംബങ്ങള്‍ക്കാണ് നരേന്ദ്ര മോദി സര്‍ക്കാരിലൂടെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതെന്നും സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍പ്പെടുത്തിയാണ് ഈ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വീടിനായുള്ള ഫണ്ട് അനുവദിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

'ആകെ ചെലവിന്റെ 50 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ 30 ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം. 20 ശതമാനം കൊച്ചി കോര്‍പ്പറേഷനും ചെലവാക്കി. യാഥാര്‍ത്ഥ്യം ഇതായിരിക്കെ പദ്ധതിയുടെ ക്രെഡിറ്റ് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരും കോര്‍പ്പറേഷനും', രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

വീടില്ലാത്ത പാവപ്പെട്ടവര്‍ക്കായി പ്രധാനമന്ത്രി ആവാസ് യോജനയടക്കം ഒട്ടേറെ പദ്ധതികളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും രാജ്യത്തുടനീളം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ഇതിലൂടെ തല ചായ്ക്കാനിടമൊരുങ്ങിയതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്നാല്‍ കേന്ദ്ര പദ്ധതികള്‍ കേരളത്തിലുള്ളവര്‍ക്ക് നിഷേധിച്ചും പേര് മാറ്റി നടപ്പാക്കിയും ജനങ്ങളെ കബളിപ്പിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. അവരാണ് ഇപ്പോള്‍ ഫോര്‍ട്ട് കൊച്ചിയിലെ പദ്ധതിയുടെയും ക്രെഡിറ്റ് അടിച്ചു മാറ്റാന്‍ എത്തിയിരിക്കുന്നത്. ജനങ്ങളിത് മനസിലാക്കുന്നുണ്ടെന്നും മാറാത്തത് ഇനി മാറുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പദ്ധതിക്ക് തുടക്കമിട്ടത് യുഡിഎഫ് ഭരണസമിതിയാണെന്ന അവകാശവാദവുമായി കോൺഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തുരുത്തി ഫ്ളാറ്റ് സമുച്ചയ പദ്ധതിക്ക് തുടക്കമിട്ടത് മുതല്‍ എല്ലാ നടപടിക്രമങ്ങളും മുന്നോട്ടുകൊണ്ടുപോയത് യുഡിഎഫ് ഭരണസമിതി ആണെന്നും പൂര്‍ണമായ പിതൃത്വം ഏറ്റെടുക്കാനാണ് സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും ശ്രമിക്കുന്നതെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആക്ഷേപം. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Content Highlights: BJP Also take credit in Kochi Thuruthi Flat

dot image
To advertise here,contact us
dot image