'എൻഎസ്എസിന് അവരുടെ നിലപാടെടുക്കാം, അതിൽ യുഡിഎഫ് ആശങ്കപ്പെടേണ്ടതില്ല'; വി ഡി സതീശൻ

എൻഎസ്എസിന്റെ നിലപാടിനെതിരെ പരാതിയോ ആരോപണമോ ആക്ഷേപമോ ഉന്നയിച്ചിട്ടില്ലെന്ന് സതീശന്‍

'എൻഎസ്എസിന് അവരുടെ നിലപാടെടുക്കാം, അതിൽ യുഡിഎഫ് ആശങ്കപ്പെടേണ്ടതില്ല'; വി ഡി സതീശൻ
dot image

തിരുവനന്തപുരം: എൻഎസ്എസിന്റെ നിലപാടിൽ യുഡിഎഫ് ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് എൻഎസ്എസിന്റെ നിലപാടിനെതിരെ പരാതിയോ ആരോപണമോ ആക്ഷേപമോ ഉന്നയിച്ചിട്ടില്ല. എൻഎസ്എസ് സാമുദായിക സംഘടനയാണ്. അവർക്ക് അവരുടെ നിലപാടെടുക്കാം. അതിന് പൂർണസ്വാതന്ത്ര്യമുണ്ട്. അവർ എന്ത് തീരുമാനമെടുക്കണമെന്ന് പറയേണ്ടത് ഞങ്ങളല്ലെന്നും സതീശൻ പറഞ്ഞു.

കപട ഭക്തി കാണിക്കുന്ന അയ്യപ്പ സംഗമവുമായി ഞങ്ങൾ ഒരുകാരണവശാലും സഹകരിക്കില്ല. അത് ഞങ്ങളുടെ രാഷ്ട്രീയ തീരുമാനമാണ്. അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കേരളത്തിലെ സിപിഐഎം പ്രീണനവുമായി മുന്നോട്ടു പോകുകയാണ്. ഭൂരിപക്ഷ വർഗീയതയെയാണ് അവർ ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നത്. മുൻപ് അത് ന്യൂനപക്ഷ വർഗീയതയായിരുന്നു. ഇതിനെ രണ്ടിനേയും കോൺഗ്രസ് പ്രോത്സാഹിപ്പിക്കില്ല. ഉറച്ച മതേതര നിലപാടാണ് യുഡിഎഫിനുള്ളത്. കേരളത്തിലെ സിപിഐഎമ്മിന്റേത് ഇപ്പോൾ തീവ്ര വലതുപക്ഷ രാഷ്ട്രീയമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്നായിരുന്നു ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നത്. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. സമദൂര നിലപാടെന്ന് പറഞഅഞിരുന്ന എൻഎസ്എസിൽ നിന്നാണ് ഇത്തരമൊരു പ്രതികരണമുണ്ടായത് യുഡിഎഫിനെ അങ്കലാപ്പിലാക്കിയിരുന്നു. സുകുമാരൻ നായരുടെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തെ അനുനയിപ്പിക്കാൻ കോൺ​​ഗ്രസ് നേതൃത്വം നീക്കം നടത്തുന്നുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു.

എന്നാൽ കരയോഗങ്ങളില്‍നിന്നടക്കം വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സുകുമാരൻ നായർ. തന്റെ രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതാലായൊന്നും പറയാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് ഇന്ന് പറഞ്ഞിരുന്നു.

Content Highlights: VD Satheesan reacts on NSS General Secretary G Sukumaran Nair statement

dot image
To advertise here,contact us
dot image