എയിംസ് കോഴിക്കോട് വേണമെന്ന് പി ടി ഉഷ; ബിജെപിയിൽ തർക്കം രൂക്ഷം, സംസ്ഥാന സമിതി യോഗം ഇന്ന്

സംസ്ഥാന സർക്കാർ കണ്ടെത്തിയ കോഴിക്കോട് തന്നെ എയിംസ് വേണമെന്ന ആവശ്യമാണ് പി ടി ഉഷ ഉന്നയിച്ചത്

എയിംസ് കോഴിക്കോട് വേണമെന്ന് പി ടി ഉഷ; ബിജെപിയിൽ തർക്കം രൂക്ഷം, സംസ്ഥാന സമിതി യോഗം ഇന്ന്
dot image

തിരുവനന്തപുരം: സംസ്ഥാനത്തെ എയിംസുമായി ബന്ധപ്പെട്ട് ബിജെപിയിൽ തർക്കം മുറുകുന്നു. സംസ്ഥാന സർക്കാർ കണ്ടെത്തിയ കോഴിക്കോട് തന്നെ എയിംസ് വേണമെന്ന ആവശ്യമാണ് ബിജെപി എം പി പി ടി ഉഷ ഉന്നയിച്ചത്. ഇക്കാര്യം കാണിച്ച് ബിജെപി ജില്ലാ ഘടകത്തിന്റെ അനുമതിയോടെ പി ടി ഉഷ കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

എന്നാല്‍ ആലപ്പുഴയിലോ തൃശൂരിലോ എയിംസ് വേണമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട്. ഇത് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആലപ്പുഴയിലോ തൃശൂരിലോ അത് നടന്നില്ലെങ്കിൽ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാൽ സുരേഷ് ഗോപിയുടെ നിലപാടിനെ പാടേ തള്ളിയാണ് സംസ്ഥാനത്തെ ബിജെപി നേതാക്കൾ രംഗത്തുവന്നത്. സുരേഷ് ഗോപിയുടെ നിലപാടിനൊപ്പം നിൽക്കാനാവില്ലെന്നായിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞത്. കേരളത്തിൽ വേണമെന്നാണ് ബിജെപി നിലപാട്. സുരേഷ് ഗോപിയുടെ കടുംപിടുത്തം അദ്ദേഹത്തോട് ചോദിക്കണം. ആ അഭിപ്രായം ഏതായാലും ബിജെപിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എയിംസ് എവിടെ വേണമെന്ന് ബിജെപി തീരുമാനിച്ചിട്ടില്ലെന്നാണ് വി മുരളീധരൻ പറഞ്ഞത്. ഓരോ സ്ഥലത്തും എയിംസ് വേണമെന്ന് എല്ലാവർക്കും ആവശ്യപ്പെടാം. ബിജെപിയല്ല ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളാണെന്നും വി മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ നേതാക്കൾക്കിടയിൽ അമർഷം പുകയുമ്പോഴും ആവശ്യത്തിൽ നിന്നും മാറ്റമില്ലെന്നും പറഞ്ഞതിൽനിന്നും പിന്നോട്ടു പോകില്ലെന്നുമുള്ള നിലപാടിലാണ് സുരേഷ് ഗോപി.

എയിംസ് തിരുവനന്തപുരത്ത് വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. എന്നാല്‍ കാസർകോട് വേണമെന്ന് ജില്ലാ നേതൃത്വം ആവശ്യമുന്നയിക്കുന്നുണ്ട്. ഇതോടെ എയിംസ് വിഷയത്തില്‍ വെട്ടിലായിരിക്കയാണ് ബിജെപി.

അതേസമയം എയിംസ് വിവാദങ്ങൾക്കിടെ ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് നടക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുക്കും. യോഗത്തില്‍ എയിംസ് വിവാദം ചർച്ചയായേക്കും. രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായതിനുശേഷമുള്ള ആദ്യ സമ്പൂർണയോഗമാണിത്. അദ്ദേഹത്തിനെതിരെ സംസ്ഥാന നേതാക്കൾക്കിടയിൽ പടയൊരുക്കം തുടരുന്ന പശ്ചാത്തലത്തിൽകൂടിയാണ് യോഗം എന്നതും ശ്രദ്ധേയമാണ്. ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ ചേരുന്ന യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കം പ്രധാന അജണ്ടയാകും. എയിംസ് വിഷയത്തിൽ നേതാക്കൾ യോഗത്തിൽ സമവായത്തിലെത്താനാണ് സാധ്യത.

Content Highlights: Dispute intensifies within BJP over AIIMS in Kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us