'മുഷ്ടി ചുരുട്ടി ശരണം വിളിച്ചതില്‍ ഖേദമുണ്ട്, മനഃപൂർവ്വം ചെയ്തതല്ല'; പി എസ് പ്രശാന്ത്

ശബരിമല കേന്ദ്രം ഏറ്റെടുക്കുമെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നടത്തിയ പരാമർശം അപകടകരം'

'മുഷ്ടി ചുരുട്ടി ശരണം വിളിച്ചതില്‍ ഖേദമുണ്ട്, മനഃപൂർവ്വം ചെയ്തതല്ല'; പി എസ് പ്രശാന്ത്
dot image

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം വിജയമെന്ന് ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. അതേസമയം അറിയാതെയാണെങ്കിലും സംഗമത്തിൽ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതുപോലെ ശരണം വിളിച്ചതിൽ ഖേദമുണ്ടെന്നും മനഃപ്പൂർവ്വമല്ല അങ്ങനെ ചെയ്തതെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയുടെ അടിസ്ഥാനപരമായ വികസം മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിനായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. അതിന് 29 ഓളം സാമൂഹിക സാമുദായിക സംഘടനകളുടെ പിന്തുണയുണ്ടായിരുന്നു. കേവലം ദേവസ്വം ബോർഡിനുള്ള പിന്തുണയല്ല അത്. ശബരിമലയുടെ വികസനത്തിനും അതുവഴിയുള്ള മറ്റ് ക്ഷേത്രങ്ങളുടെ കൂടി വികസനത്തിനുമാണ് അവർ പിന്തുണ നൽകിയതെന്നും പ്രശാന്ത് പറഞ്ഞു.

ശബരിമല കേന്ദ്രം ഏറ്റെടുക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നടത്തിയ പരാമർശം എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലായില്ല. ഹിന്ദു റിലീജ്യസ് ആക്ട് പ്രകാരമാണ് ദേവസ്വം ബോർഡ് നിലവിൽ വന്നിട്ടുള്ളത്. ദേവസ്വത്തിന് കീഴിൽ 1252 ക്ഷേത്രങ്ങളുണ്ട് അതിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രമാണ് ശബരിമല. ദേവസ്വത്തിന് കീഴിലെ മറ്റ് ക്ഷേത്രങ്ങൾ തിരിതെളിഞ്ഞ് നല്ല രീതിയിൽ പോകുന്നത് ശബരിമലയുടെ വരുമാനം ലഭിക്കുന്നത് കൊണ്ടാണ്. ദേവസ്വം ബോർഡ് ജീവനക്കാരെ ആശങ്കയിലാഴ്ത്തുന്ന അപകടകരമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും പ്രശാന്ത് ആരോപിച്ചു.

താന്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയതിനു ശേഷം വിശ്വാസി ആയ ആളല്ല. എന്റെ വിശ്വാസം എന്റെ ബോധ്യമാണ്. അറിയാതെയെങ്കിലും അങ്ങനെ കൈ പൊങ്ങിയതിൽ വിഷമമുണ്ട്. അത് മനഃപ്പൂർവ്വം ചെയ്തതല്ലെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നത് കാണുമ്പോൾ പോലും വിഷമമുണ്ട്. മൂന്നാം ക്ലാസ് മുതൽ ശബരിമലയിൽ പോയി വന്നിരുന്ന ആളാണ് താൻ. ഇവിടെയുള്ള സന്യാസിവര്യന്മാർപോലും മുഷ്ടി ഉയർത്തി ശരണം വിളിച്ചവരുണ്ട്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്തെല്ലാം കോപ്രായങ്ങളാണ് നടന്നത്. എന്തെല്ലാം മുദ്രാവാക്യങ്ങളാണ് വിളിച്ചത്. അങ്ങനെയുള്ളവരാണ് എന്നെ കളിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പന്തളത്ത് ഹൈന്ദവ സംഘടനകൾ നടത്തിയ ബദൽ സംഗമത്തിലുണ്ടായ വിദ്വേഷ പരാമർശം നടക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ബദൽ സംഗമം ഒരു രാഷ്ട്രീയ പരിപാടിയായും പ്രതിഷേധ സംഗമമായും മാറി. ശബരിമലയുടെ വികസനത്തിനായി ആ സംഗമം എന്താണ് ചെയ്തതെന്ന് അവർ സ്വയം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ആഗോള സംഗമത്തിന്റെ തുടർ നടപടികളുമായി മുന്നോട്ടുപോകും. വകുപ്പ് മന്ത്രി അധ്യക്ഷനായ സമിതി രൂപീകരിക്കും. തുടർ സംഗമം വേണമെന്ന് തോന്നിയാൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Travancore Devaswom Board President PS Prashanth says global Ayyappa Sangamam was a success

dot image
To advertise here,contact us
dot image