
മലപ്പുറം: പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമം രാഷ്ട്രീയനേട്ടത്തിനു വേണ്ടിയാണെന്ന സംശയം ജനങ്ങൾക്കിടയിൽ ശക്തമാണെന്നും അതുകൊണ്ടാണ് സംഗമത്തിൽ കാര്യമായ ജനപങ്കാളിത്തമില്ലാതെ പോയതെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇതൊക്കെ ജനങ്ങൾക്കറിയാം. അയ്യപ്പദർശനം പവിത്രമായി കാണുന്നവർ കാലങ്ങളായി ഇവിടെയുണ്ട്. അതൊന്നും ഇതുവരെ ആരും രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിച്ചിട്ടില്ല. അതു ശരിയല്ലെന്ന് ജനങ്ങൾക്കറിയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ, ഭൂരിപക്ഷ കാർഡ് കാണിച്ച് ഓരോ കാര്യങ്ങൾ ചെയ്താൽ അതൊന്നും അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല. ജനങ്ങൾ അവസരം കാത്തിരിക്കുകയാണ്. അവരത് ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആഗോള സംഗമത്തോട് അനുകൂല നിലപാട് സ്വീകരിച്ച എൻഎസ്എസ് നിലപാടിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. എൻഎസ്എസ് അവരുടേതായ രീതിയിലാണ് അയ്യപ്പസംഗമത്തെ കണ്ടത്. നമ്മൾ അതിനെ മാനിക്കണമെന്നായിരുന്നു കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞത്. ശബരിമല വികസം ലക്ഷ്യമിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാർ പിന്തുണയോടെയാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകൻ.
Content Highlights: 'When politics was mixed in, Ayyappa Sangamam became less crowded,' says P K Kunhalikutty