
ഏഷ്യ കപ്പിനിടെ സഞ്ജു സാംസണിനോട് അവതാരകന്റെ ഒരു ചോദ്യവും അതിനുള്ള അദ്ധേഹത്തിന്റെ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ക്രിക്കറ്റിൽ ഏത് പൊസിഷനിൽ കളിക്കുന്നതാണ് ഏറ്റവും കംഫർട്ട് എന്നതായിരുന്നു ചോദ്യം.
മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കേ അവാർഡ് നേടിയ സന്ദർഭം ചേർത്തുവെച്ചാണ് സഞ്ജു ഇതിന് മറുപടി നൽകിയത്. മോഹൻലാലിനെ നോക്കൂ, അദ്ദേഹം ഇപ്പോൾ ഒരു പരമോന്നത അവാർഡ് നേടിയിരിക്കുകയാണ്. എന്നാൽ തന്റെ സിനിമാ കാലത്ത് പല റോളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരു മികച്ച നടനായ അദ്ദേഹത്തിന് ചിലപ്പോൾ വില്ലന്റെ റോളും നിർവഹിക്കേണ്ടി വന്നിട്ടുണ്ടാകാം. ക്രിക്കറ്റും അങ്ങനെയാണ്. ചിലപ്പോൾ വില്ലൻ റോളും ജോക്കർ റോളുമെല്ലാം എടുത്തണിയേണ്ടി വരും. ഏത് പൊസിഷനിലും കളിക്കേണ്ടിയും വരും. സഞ്ജു കൂട്ടിച്ചേർത്തു.
അതേ സമയം ബംഗ്ലാദേശിനെതിരെയുള്ള ഏഷ്യ കപ്പിലെ ഇന്ത്യയുടെ സൂപ്പർ ഫോർ പോരാട്ടത്തിൽ ആറ് വിക്കറ്റ് വീണിട്ടും സഞ്ജുവിനെ ഇറക്കാത്തതിൽ വലിയ വിമർശനം ഉയരുകയാണ്. മത്സരത്തിൽ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലുമാണ് ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങിയത്. വൺ ഡൗണായി അപ്രതീക്ഷിതമായി ശിവം ദുബെ എത്തിയെങ്കിലും പെട്ടെന്ന് മടങ്ങി.
ശേഷം എത്തിയ സൂര്യകുമാർ യാദവും എളുപ്പത്തിൽ മടങ്ങിയപ്പോൾ ഹർദിക് ഹര്‍ദിക് പാണ്ഡ്യയും തിലക് വർമയുമാണ് പിന്നീട് എത്തിയത്. ഇതിൽ തിലക് വർമ പുറത്തായപ്പോൾ ശേഷം അക്സർ പട്ടേലും ക്രീസിലെത്തി. ഇതോടെ സഞ്ജു എവിടെ എന്ന ചോദ്യമുയർന്നു. മത്സരത്തിൽ സഞ്ജുവിന് പകരമായി എത്തിയ താരങ്ങളാരും തിളങ്ങാത്തതും വിമർശനങ്ങൾക്കിടയാക്കി.
Content Highlights: Sanju Samson cites Mohanlal's versatility after India demotion in Asia Cup