'പിടിച്ചെടുത്തത് ഒരു വാഹനം; ഭൂട്ടാനിൽ നിന്നുള്ളതല്ല': അമിത് ചക്കാലക്കൽ റിപ്പോർട്ടറിനോട്

തന്റെ വാഹനത്തിന്റെ രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും മറ്റ് ആറ് വാഹനങ്ങളുടെ ഉടമകളെ വിവരമറിയിച്ചിട്ടുണ്ടെന്നും നടൻ പറഞ്ഞു

'പിടിച്ചെടുത്തത് ഒരു വാഹനം; ഭൂട്ടാനിൽ നിന്നുള്ളതല്ല': അമിത് ചക്കാലക്കൽ റിപ്പോർട്ടറിനോട്
dot image

കൊച്ചി: തന്റെ ഒരു വാഹനം മാത്രമാണ് കസ്റ്റംസ് പിടിച്ചെടുത്തതെന്ന് നടൻ അമിത് ചക്കാലക്കൽ റിപ്പോർട്ടറിനോട്. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാൻഡ് ക്രൂയിസർ മാത്രമാണ് തന്റേത്. മറ്റ് വണ്ടികൾ തന്റെ ഗ്യാരേജിൽ പണിക്കായി കൊണ്ടുവന്നവയാണ്. അക്കാര്യം കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ വാഹനത്തിന്റെ രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും മറ്റ് ആറ് വാഹനങ്ങളുടെ ഉടമകളെ വിവരമറിയിച്ചിട്ടുണ്ടെന്നും നടൻ പറഞ്ഞു.

അവർക്ക് രേഖകൾ സമർപ്പിക്കാൻ കസ്റ്റംസ് 10 ദിവസം സമയം നൽകിയിട്ടുണ്ട്. ആ വാഹനങ്ങളുമായി തന്റെ ബന്ധം എന്താണെന്ന് കസ്റ്റംസ് അന്വേഷിച്ചു. രേഖകൾ പരിശോധിച്ചതിനുശേഷം വിളിപ്പിക്കുമെന്ന് അറിയിച്ചു. 2010 വരെ നടന്ന വിൽപന കരാറിന്റെ അടക്കം വിവരങ്ങൾ കൈമാറി. ഗ്യാരേജ് സുഹൃത്തിന്റേതാണ്. പഴയ വാഹനമുള്ള ഓണേഴ്സ് ചേർന്നാണ് ഗ്യാരേജ് നടത്തുന്നത്. പുതിയ സ്റ്റൈലിൽ വാഹനങ്ങളെ റെഡിയാക്കുന്നതിന്റെ ഐഡിയകളാണ് താൻ പറഞ്ഞുകൊടുക്കാറുള്ളത്. മറ്റ് സാമ്പത്തിക പങ്കാളിത്തം ഒന്നും തന്നെയില്ല. ഒരു വണ്ടിപോലും ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ആർക്കും വേണ്ടി വാഹനക്കച്ചവടം നടത്തിയിട്ടില്ലെന്നും അമിത് വ്യക്തമാക്കി.

അതേസമയം, ഭൂട്ടാന്‍ വഴി വാഹനം കടത്തിയതില്‍ അന്വേഷണം ഊര്‍ജിതമാക്കുകയാണ് അന്വേഷണ സംഘം. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരിലെന്നാണ് പുറത്തുവരുന്ന വിവരം. വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും നടപടിയുണ്ടാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ദുല്‍ഖര്‍ സല്‍മാന് കസ്റ്റംസ് ഇന്ന് സമന്‍സ് നല്‍കും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരു വാഹനമാണ് മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, നടന്‍ പൃഥ്വിരാജിന്റെ രണ്ട് വാഹനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പൃഥ്വിരാജിന്റെ വാഹനങ്ങള്‍ കണ്ടെത്താനാണ് കസ്റ്റംസിന്റെ ശ്രമം. ഇന്നലെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. പൃഥ്വിരാജിന്റെ വീട്ടില്‍ പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. നടന്‍ അമിത് ചക്കാലക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലായിരുന്നു പരിശോധന. അമിതിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 36 വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കേരളത്തിലേക്ക് 150 മുതല്‍ 200 വരെ എസ്‌യുവികള്‍ എത്തിച്ചെന്നാണ് കസ്റ്റംസ് കരുതുന്നത്. വരും ദിവസങ്ങളിലും പരിശോധന വ്യാപിപ്പിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. ഭൂട്ടാനീസ് ഭാഷയില്‍ വാഹനം എന്ന് അര്‍ത്ഥം വരുന്ന നുംഖോർ എന്നാണ് കസ്റ്റംസ് സംഘം ഓപ്പറേഷന് നല്‍കിയിരിക്കുന്ന പേര്. രാജ്യത്തെ അന്താരാഷ്ട്ര വാഹനക്കള്ളക്കടത്ത് സംഘത്തിലെ കോയമ്പത്തൂര്‍ കണ്ണികളെ ഒരു വര്‍ഷം മുന്‍പ് കസ്റ്റംസ് തിരിച്ചറിഞ്ഞിരുന്നു. കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ രേഖകളില്‍ സംശയം തോന്നിയ വാഹന ഉടമകളിലേക്കാണ് അന്വേഷണം നീണ്ടത്. കൊച്ചിക്ക് പുറമേ തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, അടിമാലി എന്നിവിടങ്ങളിലും കസ്റ്റംസിന്റെ പരിശോധന നടന്നിരുന്നു. രേഖ കൃത്യമല്ലെന്ന് വ്യക്തമായ വാഹനങ്ങളാണ് പിടിച്ചെടുത്തത്. മോട്ടോര്‍വാഹന വകുപ്പ്, എടിഎസ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന നടന്നത്.

Content Highlights: Amit Chakkalackal that only one of his vehicles was seized by customs

dot image
To advertise here,contact us
dot image