
തിരുവനന്തപുരം: ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവം സംഘാടക സമിതിയുടെ ജനറൽ കൺവീനർ സ്ഥാനത്തുനിന്നും എസ്എഫ്ഐ നേതാവിനെ വെട്ടി വി സി മോഹനൻ കുന്നുമ്മൽ. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദനെയാണ് ഒഴിവാക്കിയത്. മെഡിക്കൽ കോളേജ് വിദ്യാർഥിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നന്ദന് പകരം യൂണിയൻ ചെയർമാനെ ജനറൽ കൺവീനറായി നിയോഗിച്ചു. മെഡിക്കൽ കോളേജ് വിദ്യാർത്ഥി അല്ലാത്ത വ്യക്തി സ്വാഗത സംഘത്തിൽ ഇടം പിടിച്ചതാണ് വി സിയെ ചൊടിപ്പിച്ചത്. ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയാണ് നന്ദൻ എന്ന് വിസി സംഘാടകരോട് പറഞ്ഞതായാണ് വിവരം. നന്ദനെ മാറ്റിയില്ലെങ്കിൽ കലോത്സവത്തിനുള്ള യൂണിയൻ ഫണ്ട് അനുവദിക്കില്ലെന്ന് വിസി ഭീഷണി ഉയർത്തി. തുടര്‍ന്നാണ് നന്ദനെ മാറ്റിയത്. മൂന്ന് സോണുകളായി നടക്കുന്ന കലോത്സവമാണ് ഈ മാസം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്.
Content Highlights: VC Mohanan Kunnummal removes SFI leader from the post of general convener of the Health University South Zone Kalotsavam organizing committee