കേരളത്തിൽ നിക്ഷേപം നടത്താൻ താത്പര്യം അറിയിച്ച് ന്യുജേഴ്‌സി ഗവർണർ: താൻ വന്നത് നല്ല സമയത്തെന്ന് ഫിലിപ്പ് ഡി മർഫി

ബിസിനസ് സഹകരണത്തിന് കൈകോർത്ത് കേരളവും ന്യുജേഴ്‌സി ഭരണകൂടവും

കേരളത്തിൽ നിക്ഷേപം നടത്താൻ താത്പര്യം അറിയിച്ച് ന്യുജേഴ്‌സി ഗവർണർ: താൻ വന്നത് നല്ല സമയത്തെന്ന് ഫിലിപ്പ് ഡി മർഫി
dot image

കൊച്ചി: കേരളത്തിലേക്ക് നിക്ഷേപം നടത്താൻ താത്പര്യം അറിയിച്ച് ന്യൂജേഴ്‌സി ഗവർണർ ഫിലിപ്പ് ഡി മർഫി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര വാണിജ്യ സഹകരണം ഊട്ടിയുറപ്പിക്കാൻ കൂടിക്കാഴ്ച ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രാൻഡ് ഹയാത്തിൽ നടന്ന ബിസിനസ് പാർട്ടണർഷിപ്പ് മീറ്റിലും അത്താഴ വിരുന്നിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിൽ നിക്ഷേപം നടത്താൻ അനുയോജ്യമായ സമയത്താണ് കേരളത്തിലേക്ക് സന്ദർശനം നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴിൽ രംഗത്തും കേരളത്തിൽ നിക്ഷേപം നടത്താൻ ന്യുജേഴ്‌സി ഭരണകൂടം മുഖ്യമന്ത്രി പിണറായി വിജയനോട് താത്പര്യം അറിയിച്ചു. കേരളം നിക്ഷേപ സംസ്ഥാനമാണ്, മുഖ്യമന്ത്രി പിണറായി വിജയൻ കരുത്തനായ ഭരണാധികാരിയാണെന്നും അദ്ദേഹം പ്രശംസിച്ചു. ന്യുജേഴ്‌സിയിൽ ഇന്ത്യൻ കമ്പനികൾക്കുള്ള സാധ്യതകൾ വിപുലമാണ്. ഇന്ത്യക്കാർക്കായി തന്റെ കാലത്ത് 3000ത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു.കൂടുതൽ തൊഴിൽ സാധ്യത ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്ത് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യുജേഴ്‌സി സർക്കാരിനെ നിക്ഷേപം നടത്താൻ കേരളത്തിലേക്ക് ക്ഷണിച്ചാണ് മുഖ്യമന്ത്രി പ്രസംഗം തുടർന്നത്. കേരളത്തിൽ നിക്ഷേപം നടത്താൻ ഏറ്റവും അനുയോജ്യമായ സമയത്താണ് ഗവർണർ മർഫി ഇവിടേക്ക് എത്തിയതെന്നും നാല് വിമാനത്താവളങ്ങളും അതിനോടൊപ്പം തന്നെ ആധുനികവൽക്കരിച്ച തുറമുഖങ്ങളുമായി രാജ്യത്തിന് തന്നെ മാതൃകയായി കേരളം കുതിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യുജേഴ്‌സി ഭരണകൂടത്തേയും സംരംഭകരേയും കേരളത്തിലേക്ക് എല്ലാ സമയത്തും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി ബിസിനസ് പാർട്ടണർഷിപ്പ് മീറ്റിൽ സ്വാഗതം ആശംസിച്ചു. കേരളത്തിലേക്ക് നിക്ഷേപം നടത്താനുള്ള ന്യുജേഴ്‌സി സർക്കാരിന്റെ ശ്രമങ്ങളെ എം എ യൂസഫലി പ്രശംസിച്ചു. ദീർഘവീക്ഷണമുള്ള ഭരണാധികാരിയാണ് കേരളം ഭരിക്കുന്നതെന്നും അഞ്ച് ബില്യൻ സാമ്പത്തിക വളർച്ചയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നങ്ങൾക്ക് കരുത്തേകുന്നതാണ് കേരളത്തിന്റെ സമസ്ത മേഖലയിലുമുള്ള വളർച്ചയെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ നൈപുണ്യരായ യുവജനതയും നിക്ഷേപ സൗഹൃദമുള്ള കേരളത്തിന്റെ കാലാവസ്ഥയും വ്യവസായ സംരംഭങ്ങൾക്ക് കരുത്തേകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള തലത്തിൽ കാർഷിക മേഖലയിലും, ഫുഡ് പ്രോസസിങ്ങ് മേഖലയിലും ലുലു നിക്ഷേപം നടത്തുകയാണ്. ഇൻഫ്രാസ്ട്രച്ചർ, ഉന്നതവിദ്യാഭ്യാസം, എന്നീ മേഖലയിൽ കേരള സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയും അദ്ദേഹം അറിയിച്ചു. ചടങ്ങിൽ ഗവർണർ ഫിലിപ്പ് ഡി മർഫിയുടെ ഭാര്യ താമി മർഫി, വ്യവസായ മന്ത്രി പി രാജീവ്, മേയർ എം. അനിൽകുമാർ, ന്യൂജേഴ്‌സി സർക്കാരിന്റെ പ്രതിനിധികൾ, സംസ്ഥാന സർക്കാരിന്റെ ഉന്നത തല ഉദ്യോഗസ്ഥർ, രാജ്യത്തെ ബിസിനസ് സംരംഭകർ, മാധ്യമസ്ഥാപന മേധാവികൾ ഉൾപ്പടെയുള്ളവർ പങ്കെടുത്തു.

Content Highlights: New Jersey Governor Philip D. Murphy expresses interest in investing in Kerala

dot image
To advertise here,contact us
dot image