
കൊച്ചി: ഭൂട്ടാനില്‍ നിന്ന് കള്ളക്കടത്ത് നടത്തുന്ന സംഘത്തെ കണ്ടെത്തിയതായി കസ്റ്റംസ് കമ്മീഷണര്‍ ഡോ. ടി ടിജു. കേരളത്തില്‍ നിന്ന് 36 വണ്ടികള്‍ പിടിച്ചെടുത്തതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 35 ഇടങ്ങളില്‍ പരിശോധന നടത്തിയെന്നും അദ്ദേഹം പറഞ്ഞു. വലിയ കണ്ടെയ്‌നറുകളില്‍ അടക്കമാണ് വാഹനങ്ങള്‍ എത്തിച്ചത്. ഇവിടെ എത്തിച്ച് വ്യാജ രേഖകള്‍ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടത്തിയെന്നും ഇന്ത്യന്‍ എംബസിയുടെ അടക്കം വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
'പരിവാഹന്‍ സൈറ്റില്‍ പോലും കൃത്രിമത്വം കാട്ടി. ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ കടത്തുന്നതിന്റെ മറവില്‍ മയക്കുമരുന്ന്, സ്വര്‍ണ കടത്ത് സംശയമുണ്ട്. അനധികൃതമായ സാമ്പത്തിക ഇടപാടുകള്‍ ആയിരുന്നു നടന്നത്. വാഹനം വാങ്ങിച്ചതിന്റെ രേഖകള്‍ പോലും ഇല്ല. വന്‍ ജിഎസ് ടി വെട്ടിപ്പാണ് നടന്നത്. കേരളത്തിലെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പുറത്തുള്ളവരുടെ പേരുകളില്‍. തീവ്രവാദ ബന്ധവും പരിശോധിക്കുന്നുണ്ട്', അദ്ദേഹം പറഞ്ഞു.
ഉടമകള്‍ നേരിട്ട് ഹാജരാകണമെന്നും രേഖകള്‍ കാണിക്കണമെന്നും കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു. ഉടമകളുടെ റോള്‍ എന്താണെന്ന് അനുസരിച്ചായിരിക്കും നടപടി. കസ്റ്റംസ് നിയമം അനുസരിച്ച് മാത്രമേ അറസ്റ്റിന്റെ കാര്യത്തില്‍ പറയാന്‍ കഴിയൂ. പിഴ ഒടുക്കി കേസ് അവസാനിപ്പിക്കാന്‍ കഴിയില്ല. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. നിയമവിരുദ്ധമായി കടത്തിയ വാഹനമാണ് പിടിച്ചെടുത്തതെന്നും ടിജു പറഞ്ഞു.
വാഹനങ്ങള്‍ പിടിച്ചെടുത്ത സിനിമാ നടന്മാരുടെ മൊഴി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അറിഞ്ഞാണോ അറിയാതെ ആണോ വാങ്ങിയത് എന്ന് പരിശോധിക്കും. പൃഥ്വിരാജിന്റെ വണ്ടികള്‍ എടുത്തിട്ടില്ലെന്നും ദുല്‍ഖര്‍ സല്‍മാന്റെ രണ്ടു വണ്ടികള്‍ പിടിച്ചെടുത്തെന്നും അദ്ദേഹം പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് ഇതിനായി സഹായിച്ചെന്നും ടി ടിജു പറഞ്ഞു.
'ദുല്‍ഖര്‍ സല്‍മാന്റെ നാല് കാറുകളില്‍ രണ്ടെണ്ണം പിടിച്ചെടുത്തു. അമിത് ചക്കാലക്കലിന്റെ കൈവശമുണ്ടായിരുന്നത് എട്ടുകാറുകള്‍. ഇതില്‍ ആറെണ്ണം പിടിച്ചെടുത്തു. നിയമവിരുദ്ധമായി കടത്തിയത് എന്ന് കണ്ടെത്തിയ അടിസ്ഥാനത്തിലാണ് താരങ്ങളുടെ കാറുകള്‍ പിടിച്ചെടുത്തത്. ഭൂട്ടാന്‍ ആര്‍മിയുടെ വാഹനമാണോ എന്ന് പറയാന്‍ കഴിയില്ല. മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ കൈമാറും', ടിജു പറഞ്ഞു.
Content Highlights: Customs commissioner about operation Numkhor