
കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ അപവാദ പ്രചാരണത്തില്‍ പ്രതിചേര്‍ത്ത കൊണ്ടോട്ടി അബുവിന്റെ വീട്ടില്‍ പൊലീസ് പരിശോധന. മലപ്പുറത്തെ വീട്ടിലാണ് പൊലീസ് പരിശോധന നടക്കുന്നത്. കേസില്‍ മൂന്നാം പ്രതിയാണ് യൂട്യൂബറായ കൊണ്ടോട്ടി അബു എന്ന യാസര്‍ എടപ്പാള്‍. ഇയാള്‍ വിദേശത്താണെന്നാണ് വിവരം. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് കൈമാറും.
യൂട്യൂബ് ചാനലിലൂടെ അപവാദ പ്രചാരണം നടത്തിയെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. കെ ജെ ഷൈനിനെ വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണനുമായി ബന്ധപ്പെടുത്തി യൂട്യൂബ് ചാനലിലൂടെ ഇയാള്‍ അപവാദ പ്രചാരണം നടത്തിയിരുന്നു. ഇത് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് ഇയാളെ പ്രതി ചേര്‍ത്തത്.
സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇട്ടെന്ന കെ ടി ജലീലിന്റെ പരാതിയില്‍ നേരത്തെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. 2021 ലായിരുന്നു സംഭവം. വിദേശത്ത് നിന്നും നാട്ടിലെത്തിയ ഉടന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രതിയായ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണനും നോട്ടീസ് നല്‍കിയിട്ടുണ്ട്. നാളെ ആലുവ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശം. ഗോപാലകൃഷ്ണന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. അപവാദ പ്രചാരണം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ ഇതില്‍ നിന്ന് ശേഖരിക്കുകയാണ് അന്വേഷണസംഘം. ഒളിവില്‍ തുടരുന്ന ഗോപാലകൃഷ്ണന്‍ ഹാജരാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Content Highlights: k j shine Case accussed kondotty abu is yasar edappal who arrested in k T Jaleel case