
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ സജിന്‍ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റര്‍: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. 'ബിരിയാണി' എന്ന ഏറെ ശ്രദ്ധേയമായ ചിത്രത്തിന് ശേഷം സജിന്‍ ബാബു സംവിധാനം ചെയ്ത് അഞ്ജന ടാക്കീസ് നിര്‍മിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഒക്ടോബര്‍ 16ന് ചിത്രം തിയേറ്ററുകളിലെത്തും.
അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജനാ ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവര്‍ നിര്‍മ്മാതാക്കളായും സന്തോഷ് കോട്ടായി സഹനിര്‍മ്മാതാവായും എത്തുന്ന ഈ ചിത്രം, കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാര്‍ഥ്യവും തമ്മിലുള്ള അതിര്‍ത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തില്‍ അവതരിപ്പിക്കുന്നു.
ഈ സിനിമയുടെ അന്താരാഷ്ട്ര യാത്രയിലെ ഒരു പുതിയ അധ്യായമാണ് കാസാനിലെ ഈ പ്രദര്‍ശനം. നേരത്തെ കാന്‍സ് ചലച്ചിത്രമേളയില്‍ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ആഗോളതലത്തില്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു. കൂടാതെ, 2025-ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും 'തീയേറ്റര്‍: ദ മിത്ത് ഓഫ് റിയാലിറ്റി' ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. കലയും ശക്തമായ കഥാപരിസരവും ഒത്തുചേരുന്ന ചിത്രമാകും ഇതെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ടാറ്റര്‍സ്ഥാന്‍-ഇന്ത്യ മ്യൂച്വല്‍ എഫിഷ്യന്‍സി ബിസിനസ്സ് ഫോറത്തിന്റെ (TIME) സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി 2025 ഒക്ടോബര്‍ 8,9 തീയതികളിലായി റഷ്യയിലെ കാസാനില്‍ വെച്ചാണ് ചിത്രത്തിന്റെ പ്രദര്‍ശനം. വ്യാപാര, സാംസ്‌കാരിക, നയതന്ത്രബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ഫോറം, ഇന്ത്യന്‍ സിനിമയെക്കുറിച്ചുള്ള പ്രത്യേക പരിപാടികള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയൊരുക്കുന്നുണ്ട്.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുകയും പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്യും. അതോടൊപ്പം, സജിന്‍ ബാബു 'ആധുനിക ഇന്ത്യന്‍ സിനിമ: സമകാലിക പ്രവണതകള്‍' എന്ന വിഷയത്തില്‍ ഒരു പ്രത്യേക പ്രഭാഷണവും നടത്തും.
Content Highlights: Rima Kallingal - Sajin Babu movie 'Theatre : The Myth of Reality' selected for a festival at Russia