
തിരുവനന്തപുരം: സ്‌പെഷ്യല്‍ ആംഡ് പൊലീസ് (SAP) ക്യാംപിലെ പൊലീസ് ട്രെയിനി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. ഡിവൈഎസ്പി വിജു കുമാറിന്റെ നേതൃത്വത്തിലുളള സംഘം അന്വേഷിക്കും. ക്യാംപിലെ പീഡനങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന യുവാവിന്റെ കുടുംബത്തിന്റെ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാംപിലാണ് പൊലീസ് ട്രെയിനി ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സെപ്റ്റംബർ പതിനെട്ടിനായിരുന്നു സംഭവം. അതിനു രണ്ടുദിവസം മുൻപേ ആനന്ദ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ക്യാമ്പിലേക്ക് മടക്കികൊണ്ടുവരികയും വിശ്രമത്തില്‍ തുടരുകയുമായിരുന്നു. ഇതിനിടെയാണ് ആനന്ദ് തൂങ്ങി മരിച്ചത്.
ആനന്ദിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി ആനന്ദിന്റെ സഹോദരന്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയിരുന്നു. എസ്എപി ക്യാമ്പില്‍ ആനന്ദിന് ക്രൂരമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നതായും സഹോദരന്‍ അരവിന്ദ് നല്‍കിയ പരാതിയില്‍ പറയുന്നു. മേലുദ്യോഗസ്ഥനില്‍ നിന്ന് ആനന്ദിന് പീഡനം നേരിടേണ്ടി വന്നു. ഇതിന് പുറമേ ആനന്ദ് ജാതി അധിക്ഷേപം നേരിട്ടു. ജീവനൊടുക്കുന്നതിന് തലേദിവസം വിളിച്ചപ്പോള്‍ പോലും ആനന്ദ് ഇക്കാര്യങ്ങള്‍ പറഞ്ഞു. ഹവില്‍ദാര്‍ തസ്തികയിലുള്ള ബിപിന്റെ ഭാഗത്ത് നിന്ന് ആനന്ദിന് മോശമായ അനുഭവമുണ്ടായി. ആനന്ദിന്റെ കൈയില്‍ മുറിവുണ്ടായതില്‍ സംശയമുണ്ടെന്നും അരവിന്ദ് ആരോപിച്ചിരുന്നു.
എന്നാല്‍ ആനന്ദിന്റെ മരണത്തില്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് പിഴവില്ലെന്നാണ് ബറ്റാലിയന്‍ ഡിഐജിയുടെ റിപ്പോര്‍ട്ട്. കുടുംബത്തിന്റെ ആരോപണം പൂര്‍ണമായും തളളുന്നതാണ് ബറ്റാലിയന്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ആദ്യ ആത്മഹത്യാ ശ്രമത്തിന് ശേഷം ആനന്ദിനെ ശുശ്രൂഷിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴവില്ല. കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം ആശുപത്രിയില്‍ പാര്‍പ്പിക്കുന്നതായിരുന്നു ഉചിതം. എന്നാല്‍ ബാരക്കില്‍ താമസിക്കണമെന്ന് ആനന്ദ് എഴുതി നല്‍കിയിരുന്നു.
കൗണ്‍സിലിംഗിന് ശേഷം ആനന്ദ് സന്തോഷവാനായിരുന്നു. ആത്മഹത്യാശ്രമ വാര്‍ത്തകള്‍ക്ക് താഴെ വന്ന ചില കമന്റുകള്‍ ആനന്ദിനെ അസ്വസ്ഥപ്പെടുത്തിയതായി സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് ആറുമായും ആനന്ദിന് സൗഹൃദമുണ്ടായിരുന്നില്ല തുടങ്ങിയ വിവരങ്ങളാണ് ഡിഐജിയുടെ റിപ്പോര്‍ട്ടിലുളളത്. ആനന്ദിന്റെ സഹോദരന്റെ മൊഴി രണ്ടുദിവസത്തിനകം രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്.
Content Highlights: Crime branch to investigate police trainee anand self killing in sap camp