പല്ല് തേച്ചതിന് ശേഷവും വായില്‍ ദുര്‍ഗന്ധം: വിട്ടുമാറാത്ത വായ്‌നാറ്റത്തിന് പിന്നിലെ കാരണങ്ങൾ ഇതാവാം

ആളുകളുടെ മുന്നില്‍ സംസാരിക്കാനോ അതിലുപരി ഒന്ന് പൊട്ടിചിരിക്കാനോ പലര്‍ക്കും ബുദ്ധിമുട്ടുണ്ടായേക്കാം

പല്ല് തേച്ചതിന് ശേഷവും വായില്‍ ദുര്‍ഗന്ധം: വിട്ടുമാറാത്ത വായ്‌നാറ്റത്തിന് പിന്നിലെ കാരണങ്ങൾ ഇതാവാം
dot image

പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് വായ്നാറ്റം. ഇത് ആളുകളുടെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചേക്കാം. ആളുകളുടെ മുന്നില്‍ സംസാരിക്കാനോ അതിലുപരി ഒന്ന് പൊട്ടിചിരിക്കാന്‍ പോലും പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ചില സമയങ്ങളില്‍ എത്ര നന്നായി ബ്രഷ് ചെയ്താലും ഈ ദുര്‍ഗന്ധം തുടരും. ഇതിന് പരിഹാരം തേടുന്നതിന് മുന്‍പ് എന്താണ് നിങ്ങളുടെ വായ്‌നാറ്റത്തിന് പിന്നിലെ കാരണം എന്ന് മനസിലാക്കിയിരിക്കാം.

വായ്നാറ്റത്തിന് പിന്നിലെ കാരണങ്ങള്‍

വായ്നാറ്റം അല്ലെങ്കില്‍ വായ്ക്കുള്ളിലെ ദുര്‍ഗന്ധത്തിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടായേക്കാം. ഇതില്‍ ശുചിത്വക്കുറവ് മുതല്‍ ദഹനസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ ഉണ്ടാകാം. പ്രമേഹം, വൃക്കരോഗം, കരള്‍ രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളും ഇതിന് പിന്നില്‍ ഉണ്ടായേക്കാം. ഇനി പുകവലി, മദ്യപാനം, നിര്‍ജ്ജലീകരണം അല്ലെങ്കില്‍ ചില മരുന്നുകള്‍ മൂലമുണ്ടാകുന്ന വരണ്ട വായ തുടങ്ങിയ കാരണങ്ങളും ഇതിന് വായ്‌നാറ്റത്തിന് കാരണമായേക്കാം.

വായിലെ ബാക്ടീരിയകള്‍ മൂലമുണ്ടാകുന്ന വായ്‌നാറ്റം

വായ്‌നാറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് വായിലെ ബാക്ടീരിയ. ഭക്ഷണാവശിഷ്ടങ്ങള്‍, മൃതകോശങ്ങള്‍, ഉമിനീര്‍ എന്നിവ നാവില്‍ പ്ലാക്ക് എന്ന പാളി രൂപീകരിക്കുകയും സള്‍ഫര്‍ പദാര്‍ത്ഥങ്ങളെ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് വായില്‍ ബാക്ടീരിയകള്‍ക്ക് വളരാനുള്ള സാഹചര്യമുണ്ടാക്കുന്നു. ഇത് ഒഴിവാക്കാന്‍ നാക്ക് വൃത്തിയാക്കുന്നത് ശീലമാക്കുക.

വരണ്ട വായ

വായ് വൃത്തിയാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഉമിനീര്‍. ഇതിന്റെ കുറവ് മൂലം പലപ്പോഴും വായ വരണ്ട് പോവുകയും ബാക്ടീരിയകള്‍ പെരുകുകയും ചെയ്‌തേക്കാം. ഇത് ഒഴിവാക്കാന്‍ മധുരമടങ്ങാത്ത ചൂയിംഗം ചവയ്ക്കുകയോ അല്ലെങ്കില്‍ വെള്ളം കുടിക്കുകയോ ചെയ്യാം.

ജീവിതശൈലിയും ഭക്ഷണശീലവും

നിങ്ങളുടെ ഭക്ഷണ രീതിയും ജീവിത ശൈലിയും വായ്‌നാറ്റത്തിന് കാരണമായേക്കാം. വെള്ളുത്തുള്ളി, ഉള്ളി ചില സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ പല്ല് തേച്ചതിന് ശേഷവും ദുര്‍ഗന്ധത്തിന് കാരണമായേക്കാം. ഇതിന് പുറമെ നിങ്ങള്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന ആളാണെങ്കില്‍ ഇതും വായിലെ ദുര്‍ഗന്ധത്തിന് കാരണമായേക്കാം. അതിനാല്‍ പച്ചക്കറികള്‍, പഴങ്ങള്‍, ഗ്രീന്‍ ടീ എന്നിവ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇത് വായ്‌നാറ്റം കുറയ്ക്കാന്‍ സഹായിക്കും.

ദഹന പ്രശ്‌നങ്ങളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും

ചില സമയങ്ങളില്‍ ആസിഡ് റിഫ്ളക്സ്, ഗ്യാസ്‌ട്രൈറ്റിസ് അല്ലെങ്കില്‍ അണുബാധ പോലുള്ള ദഹന പ്രശ്‌നങ്ങള്‍ വായില്‍ ദുര്‍ഗന്ധത്തിന് കാരണമായേക്കും. ഇത് തിരിച്ചറിയുകയും ആവശ്യമായി ചികിത്സ നേടുകയും വേണം.

വായ്‌നാറ്റത്തില്‍ നിന്ന് എങ്ങനെ രക്ഷ നേടാം

നല്ല ശുചിത്വം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ വായ്‌നാറ്റത്തില്‍ നിന്ന് നിങ്ങളെ ഒരു പരിധി വരെ രക്ഷിക്കും. ദിവസവും രണ്ട് തവണ ബ്രഷ് ചെയ്യുക, ഫ്‌ലോസ് ഉപയോഗിക്കുക, നാവ് വൃത്തിയാക്കുക, ജലാംശം നിലനിര്‍ത്തുക, മൗത്ത് വാഷ് ഉപയോഗിക്കുക എന്നിവ ശീലമാക്കുക. ഇനി ഇവയെല്ലാം പാലിച്ചിട്ടും ദുര്‍ഗന്ധം തുടരുകയാണെങ്കില്‍ ഒരു ആരാേഗ്യ വിദ്ഗധനെ കാണാനും മടിക്കരുത്.

Content Highlights- Bad breath even after brushing your teeth: These could be the reasons behind persistent bad breath

dot image
To advertise here,contact us
dot image