
വണ്ടിപ്പെരിയാര്‍: ദേശീയപാതയോരത്ത് സ്‌കൂളിന് സമീപം തമിഴ് സിനിമാ ഷൂട്ടിംഗ് സൈറ്റിലെ ഭക്ഷണമാലിന്യം കൊണ്ടുവന്ന് തള്ളിയത് കയ്യോടെ പിടികൂടി. പഞ്ചായത്ത് അധികൃതര്‍ മാലിന്യം കൊണ്ടുവന്ന പിക്കപ്പ് ജീപ്പും ഡ്രൈവറെയും തൊഴിലാളികളെയും പൊലീസില്‍ ഏല്‍പ്പിച്ചു. വാഹനമുടമയ്ക്ക് 5000 രൂപ പിഴയിട്ടു. ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
വണ്ടിപ്പെരിയാര്‍ ടൗണിനടുത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ദേശീയപാതയോരത്ത് മാലിന്യം തള്ളിയത്. ഏതാനും ദിവസമായി ഇവിടെ ഷൂട്ടിംഗ് നടന്നുവരുന്നുണ്ട്. ഈ സൈറ്റില്‍ നല്‍കിയ ഭക്ഷണത്തിന്റെ അഴുകി ദുര്‍ഗന്ധം വമിക്കുന്ന അവശിഷ്ടമാണ് ചാക്കില്‍ക്കെട്ടി തള്ളിയത്.
മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് കണ്ട ടാക്‌സി ഡ്രൈവര്‍മാര്‍ പഞ്ചായത്തോഫീസില്‍ അറിയിക്കുകയായിരുന്നു. സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ മാലിന്യം തള്ളുന്നത് തടഞ്ഞു. വാഹനം തടഞ്ഞുവെച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എറണാകുളം സ്വദേശിയുടെതാണ് വാഹനം. പഞ്ചായത്ത് സെക്രട്ടറി ബിജോയ്, മറ്റ് ഉദ്യോഗസ്ഥരായ ജിജോമോന്‍,രഞ്ജിത്ത്, പി കെ ഗോപിനാഥന്‍, ഡ്രൈവര്‍മാരായ ബൈജു ചെറിയാന്‍, സജി ജേക്കബ്, സജീവ്, അശ്വിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്.
Content Highlights: Food waste from a movie shooting site dumped on the roadside