പിടിവള്ളി നഷ്ടപ്പെട്ട മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശനെ ചേർത്ത് പിടിക്കുന്നത് പിടിച്ചുനില്‍ക്കാന്‍:പിഎംഎ സലാം

കേരളത്തിലെ ജനങ്ങളെ വിഢികളാക്കിയ ഏര്‍പ്പാട് ആണ് ആഗോള അയ്യപ്പസംഗമം എന്നും പിഎംഎ സലാം

പിടിവള്ളി നഷ്ടപ്പെട്ട മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശനെ ചേർത്ത് പിടിക്കുന്നത് പിടിച്ചുനില്‍ക്കാന്‍:പിഎംഎ സലാം
dot image

മലപ്പുറം: പിടിവള്ളി നഷ്ടപ്പെട്ട മുഖ്യമന്ത്രി പിടിച്ചുനില്‍ക്കാനാണ് വെള്ളാപ്പള്ളി നടേശനെ ചേര്‍ത്ത് പിടിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ശ്രമിച്ചത്. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി ഗുരുവോളം പ്രകീര്‍ത്തിച്ചു. സമൂഹത്തെ ഹീനമായി അവഹേളിച്ച വ്യക്തിയാണ് വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രി വെള്ളാപ്പള്ളിയുടെ നിലപാടിനെ അംഗീകരിക്കുന്നുവെന്നും പിഎംഎ സലാം പറഞ്ഞു.

കേരളത്തിലെ ജനങ്ങളെ വിഢികളാക്കിയ ഏര്‍പ്പാട് ആണ് ആഗോള അയ്യപ്പസംഗമം. തെരഞ്ഞെടുപ്പ് സമയത്ത് എന്തിനായിരുന്നു നാടകം. വര്‍ഗീയത കത്തിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമം നടത്തി. സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് മനസ്സിലാകും. വിശ്വാസികളെ വഞ്ചിച്ചു. വിശ്വാസികള്‍ അത് തിരിച്ചറിഞ്ഞുകൊണ്ടാണ് കസേരകള്‍ ഒഴിഞ്ഞതെന്നും പിഎംഎ സലാം പറഞ്ഞു. അയ്യപ്പസംഗമം പരാജയപ്പെട്ടതോടെ സര്‍ക്കാര്‍ ന്യൂനപക്ഷസംഗമം സംഘടിപ്പിക്കും എന്ന് തോന്നുന്നില്ല. സംഘടിപ്പിച്ചാലും വെള്ളാപ്പള്ളിയെപോലെ ആരെങ്കിലും പോകുമായിരിക്കുമെന്നും പിഎംഎ സലാം പരിഹസിച്ചു.

സമസ്ത മുശാവറ അംഗം ബഹാഉദ്ദീന്‍ നദ്‌വിക്കെതിരായ സിപിഐഎം വിമര്‍ശനത്തില്‍ മുസ്ലിം ലീഗ് മൗനം പാലിച്ചെന്ന വിമര്‍ശനത്തിലും പിഎംഎ സലാം പ്രതികരിച്ചു. എന്താണ് പറയുന്നത് എന്ന ബോധ്യം ഇടതുപക്ഷത്തിന് ഇല്ല. ഒരു സമൂഹത്തിന് ചേരാത്ത പ്രചാരണം നടത്തുന്നു. മുസ്ലിം ലീഗ് അങ്ങനെ ഏതെങ്കിലും വ്യക്തിക്ക് സംരക്ഷണം കൊടുക്കേണ്ട ആവശ്യം ഇല്ല. കേരളീയ പൊതുസമൂഹം സംരക്ഷണം കൊടുക്കുമെന്നും പിഎംഎ സലാം പറഞ്ഞു.

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരായ കെ ടി ജലീലിന്റെ ആരോപണത്തില്‍ ഫിറോസ് തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയതാണെന്നും പിഎംഎ സലാം പറഞ്ഞു. ജലീലിന്റേത് അടിസ്ഥാന രഹിതമായ വിമര്‍ശനങ്ങളാണ്. അന്വേഷണം നടത്തട്ടെ, കണ്ടെത്തട്ടെ. ജലീല്‍ പലകാലത്തും പലതും പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ സീറ്റ് ഒപ്പിക്കാനുള്ള ശ്രമമാണെന്നും പിഎംഎ സലാം കടന്നാക്രമിച്ചു. മലയാളം സര്‍വ്വകലാശാല ഭൂമിയുമായി ബന്ധപ്പെട്ട കേസ് യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കൃത്യമായി അന്വേഷിക്കുമെന്നും പിഎംഎ സലാം പറഞ്ഞു.

Content Highlights: PMA Salam against CM Pinarayi Vijayan Over Vellappally Natesan controversy

dot image
To advertise here,contact us
dot image