
അങ്കമാലി: അയ്യമ്പുഴ അമലാപുരത്ത് തട്ടുപാറ പള്ളിക്ക് സമീപം വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയില്‍ പാതിമുറിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി. വെള്ളം നിറഞ്ഞ പാറമടയില്‍ പൊങ്ങിക്കിടന്ന മൃതദേഹത്തിന് അരയ്ക്ക് മുകളിലേക്കുള്ള ഭാഗം ഉണ്ടായിരുന്നില്ല. ട്രാക്ക് സ്യൂട്ട് ഇട്ട ഇരു കാലുകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സംഭവം കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.
വൈകീട്ട് നാല് മണിയോടെ പാറമടയില്‍ ചൂണ്ടയിടാന്‍ എത്തിയ രണ്ടുപേരാണ് മൃതദേഹം കണ്ടത്. ഇവര്‍ ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ശരീരത്തിന്റെ പകുതി ഭാഗം മീനുകള്‍ കൊത്തി വേര്‍പെടുത്തിയതാകാമെന്നും ഇങ്ങനെയായിരിക്കാം മൃതദേഹം വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വന്നത് എന്നുമാണ് പ്രാഥമിക നിഗമനം.
ഇരുട്ട് വീണതിനാല്‍ ഇന്നലെ മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ തന്നെ മൃതദേഹം പുറത്തെത്തിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. 70 മീറ്ററിലധികം ആഴമുള്ള പാറമടയാണിത്. പാറമടയുടെ 100 മീറ്റര്‍ അകലെ വരെ മാത്രമെ വാഹനങ്ങള്‍ എത്തുകയുള്ളൂ. മൃതശരീരം പുറത്തെടുത്ത ശേഷം ബാക്കി ഭാഗത്തിനായുള്ള തിരച്ചിലും നടത്തും.
പാറമടയുടെ സമീപ പ്രദേശങ്ങള്‍ കാടുപിടിച്ച് കിടക്കുന്നതും ആള്‍ സഞ്ചാരമില്ലാത്ത പ്രദേശവുമാണ്. നിലവില്‍ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ മിസ്സിങ് കേസുകളൊന്നും ഫയല്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. എഎസ്പി ഹാര്‍ദിക് മീണ, അയ്യമ്പുഴ ഇന്‍സ്‌പെക്ടര്‍ ടി കെ ജോസി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റാന്വേഷണ വിദഗ്ധരും ഫൊറന്‍സിക് സംഘവുമുള്‍പ്പെടെ ഇന്ന് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തും.
Content Highlight; Half-cut body found in Ayyanpuzha quarry; Angamaly police launch murder probe