
ഏഷ്യ കപ്പിനിടെ ഏറെ സങ്കടകരമായ വാർത്തയായിരുന്നു ശ്രീലങ്കന്‍ സ്പിന്നര്‍ ദുനിത് വെല്ലാലഗെയുടെ പിതാവിന്റെ വിയോഗം. കഴിഞ്ഞ ദിവസത്തെ അഫ്ഗാന്‍-ശ്രീലങ്ക മത്സരത്തിനിടെയാണ് ദുനിത് വെല്ലാലഗെയുടെ പിതാവ് സുരംഗ വെല്ലാലഗെ മരിക്കുന്നത്. സ്വന്തം പിതാവ് മരിച്ച വിവരം അറിയാതെയാണ് അഫ്ഗാനെതിരായ നിര്‍ണായക മത്സരത്തില്‍ ലങ്കന്‍ ബോളര്‍ ദുനിത് വെല്ലാലഗെ പന്തെറിഞ്ഞത്.
ആദ്യം ബാറ്റുചെയ്ത അഫ്ഗാനെതിരെ നാലോവര്‍ എറിഞ്ഞ വെല്ലാവഗെ 49 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. വെല്ലാലഗെയെ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി ഒരോവറില്‍ തുടര്‍ച്ചയായ അഞ്ച് സിക്സര്‍ അടക്കം 32 റണ്‍സ് നേടിയതും വാര്‍ത്തയായിരുന്നു.
മത്സരത്തില്‍ ശ്രീലങ്ക ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയതിന് ശേഷമാണ് പരിശീലകന്‍ സനത് ജയസൂര്യയും ടീം മാനേജ്മെന്റും 22കാരനായ വെല്ലാലഗെയോട് സങ്കടകരമായ വാര്‍ത്ത പങ്കുവെച്ചത്.
ഇപ്പോഴിതാ പിതാവിന്റെ അന്ത്യകർമങ്ങൾ പൂർത്തിയായതിന് ശേഷം വെല്ലാലഗെ ഇന്ന് ശ്രീലങ്കൻ ടീമിനൊപ്പം ചേരുമെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇന്ന് ബംഗ്ലാദേശിനെതിരാണ് ശ്രീലങ്കയുടെ സൂപ്പർ ഫോർ പോരാട്ടം.
Content Highlights: Dunith Wellalage to rejoin Sri Lanka's Asia Cup squad