
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍. തിരുമല അനിലിനെയാണ് തിരുമലയിലെ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുമല വാര്‍ഡ് കൗണ്‍സിലറായിരുന്നു. അനില്‍ ഭാരവാഹിയായ വലിയശാല ടൂര്‍ സൊസൈറ്റിയില്‍ സാമ്പത്തിക പ്രശ്‌നം ഉണ്ടായപ്പോള്‍ പാര്‍ട്ടി സഹായിച്ചില്ലെന്ന് കുറിപ്പില്‍ ഉണ്ടെന്നാണ് വിവരം. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും കുറിപ്പിലുണ്ട്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ് തിരുമല അനിൽ. രണ്ടാഴ്ച മുൻപ് അനിൽ ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടിരുന്നുവെന്നും ബാങ്കിന്റെ ബാധ്യതയെക്കുറിച്ച് രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചിരുന്നതായാണ് വിവരം.
വലിയശാലയിലെ ഫാം ആൻഡ് ടൂർ കോപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നും മുൻപ് ആത്മഹത്യയ്ക്ക് ശ്രമിക്കുമെന്ന് പല കൗൺസിലർമാരോടും അടുത്ത ആളുകളോടും പറഞ്ഞിട്ടുണ്ടെന്നും പൊലീസും പറഞ്ഞു.
ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും കോർപ്പറേഷൻ ജനങ്ങളോട് ബിജെപി മറുപടി പറയണമെന്നും എംഎൽഎ വി ജോയ് റിപ്പോർട്ടറിനോട് പറഞ്ഞു. അനിൽ ഭാരവാഹിയായ ബാങ്കിൽ സാമ്പത്തിക പ്രതിസന്ധി വന്നതോടെ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അനിൽ സംസ്ഥാന നേതൃത്വത്തെ സമീപിച്ചു. ലോണ്‍ എടുത്തവരിൽ ബഹുഭൂരിപക്ഷവും ബിജെപിക്കാരായിരുന്നു. ഇവർ പണം തിരിച്ചടക്കുന്നില്ലെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നേതൃത്വത്തെ അറിയിച്ചെങ്കിലും അവർ ഇടപെട്ടില്ലെന്നാണ് അറിയാൻ സാധിക്കുന്നിതെന്നും വി ജോയ് പ്രതികരിച്ചു. ബാങ്കിന്‍റെ തകർച്ചയുടെ ഭാഗമായിട്ടാണ് ആത്മഹത്യയെന്നും വി ജോയ് പറഞ്ഞു.
എന്നാൽ ആരോപണം ബിജെപി നേതാവ് വി വി രാജേഷ് നിഷേധിച്ചു. അനിൽ പ്രസിഡന്‍റായ ബാങ്കിൽ പ്രതിസന്ധിയുണ്ട്. പറ്റുന്നതരത്തിലൊക്കെ പാർട്ടി സഹായിച്ചുണ്ട്. കടുത്ത മാനസിക സമ്മർദ്ദം അദ്ദേഹത്തിനുണ്ടെന്നും വി വി രാജേഷ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Highlights: BJP councilor found dead in Thiruvananthapuram