'കൂട്ടത്തിൽ എന്ന് പറഞ്ഞ് അങ്ങനെയായി';സിനിമയിലെ കഥാപാത്രത്തിന്റെ പേര് തെറ്റിച്ച് പറഞ്ഞ് സേവ്യർ,രാഹുലിന് പരിഹാസം

ഗോളാന്തര സിനിമയിലെ കഥാപാത്രത്തിന്റെ പേര് തെറ്റിച്ച് പറഞ്ഞ് സേവ്യര്‍ ചിറ്റിലപ്പള്ളി എംഎല്‍എ രാഹുലിനെ പരിഹസിച്ചു

'കൂട്ടത്തിൽ എന്ന് പറഞ്ഞ് അങ്ങനെയായി';സിനിമയിലെ കഥാപാത്രത്തിന്റെ പേര് തെറ്റിച്ച് പറഞ്ഞ് സേവ്യർ,രാഹുലിന് പരിഹാസം
dot image

തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കൊട്ടുമായി ഭരണപക്ഷം. ഇന്ന് സഭ ചേരുന്നതിനിടയില്‍ രണ്ട് തവണയാണ് പരോക്ഷമായി രാഹുലിനെതിരെ ഭരണപക്ഷത്ത് നിന്നും പരിഹാസമുയര്‍ന്നത്. ഗോളാന്തര സിനിമയിലെ കഥാപാത്രത്തിന്റെ പേര് തെറ്റിച്ച് പറഞ്ഞ് സേവ്യര്‍ ചിറ്റിലപ്പള്ളി എംഎല്‍എ രാഹുലിനെ പരിഹസിച്ചു.

'ഗോളാന്തര സിനിമയിലെ രംഗമാണ് കുന്ദംകുളത്ത് ഇപ്പോള്‍ നടക്കുന്നത്. മമ്മൂട്ടി അഭിനയിച്ച പടത്തിലെ ഗുണ്ടയുടെ പേര് കാരക്കൂട്ടത്തില്‍ ദാസന്‍ എന്നാണ്. കൂട്ടത്തില്‍ എന്നല്ല, കൂട്ടില്‍ എന്നാണ്. ഇപ്പോള്‍ കൂട്ടത്തില്‍ കൂട്ടത്തില്‍ എന്ന് പറഞ്ഞ് അങ്ങനെ ആയതാണ്', സേവ്യര്‍ ചിറ്റിലപ്പള്ളി പറഞ്ഞു. കസ്റ്റഡി മര്‍ദ്ദനവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടയിലായിരുന്നു സേവ്യറിന്റെ പരിഹാസം.

രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി മാത്രമാണ് കസ്റ്റഡി മര്‍ദ്ദന വിഷയം ഉന്നയിക്കുന്നതെന്നും സേവ്യര്‍ പറഞ്ഞു. 'യുഡിഎഫിന് വിഷയ ദാരിദ്ര്യമാണ്. ലോക്കപ്പ് മര്‍ദ്ദനം എല്‍ഡിഎഫ് നയമല്ല. പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദനം ഇടതു സര്‍ക്കാര്‍ അംഗീകരിക്കില്ല. സേനയിലെ ചില ആളുകള്‍ തെറ്റായ നിലപാട് സ്വീകരിക്കുന്നുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമാണ്. കേരളത്തിലെ പൊലീസ് ആകെ കുഴപ്പത്തിലാണെന്ന് സ്ഥാപിക്കാനാണ് മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശ്രമം', അദ്ദേഹം പറഞ്ഞു.

നിയമസഭയിലെ ചോദ്യോത്തരവേളയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജും രംഗത്തെത്തിയിരുന്നു. ശിശു ജനന-മരണ നിരക്കിനെ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയവെയാണ് രാഹുലിനെതിരെ മന്ത്രി ഒളിയമ്പെയ്തത്. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത് എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഭരണപക്ഷ എംഎല്‍എമാര്‍ മന്ത്രിക്ക് കയ്യടിക്കുകയും ചെയ്തു.

അതേസമയം സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളും കസ്റ്റഡി മര്‍ദ്ദനവും ഉന്നയിച്ചുള്ള അടിയന്തര പ്രമേയം നിയമസഭയില്‍ തുടരുകയാണ്. റോജി എം ജോണ്‍ എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. പിന്നാലെ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 12 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ ചര്‍ച്ചയ്ക്കുള്ള സമയം സ്പീക്കര്‍ അനുവദിച്ചു.

Content Highlights: Ruling party MLA s mocking Rahul Mamkootathil MLA in Niyamasabha

dot image
To advertise here,contact us
dot image