എൻഡി അപ്പച്ചന് നാണമില്ല, എൻ എം വിജയനെ ചതിക്കുകയാണ് ചെയ്തത്; ആരോപണത്തിലുറച്ച് പത്മജ

പൊലീസ് അപ്പച്ചനെ പ്രതിയാക്കിയത് വെറുതെയല്ലെന്നും അവർ പറഞ്ഞു

എൻഡി അപ്പച്ചന് നാണമില്ല, എൻ എം വിജയനെ ചതിക്കുകയാണ് ചെയ്തത്; ആരോപണത്തിലുറച്ച് പത്മജ
dot image

കൽപ്പറ്റ: വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെതിരെ കോൺഗ്രസ് പ്രവർത്തകൻ എൻ എം വിജയന്റെ മരുമകൾ. എൻ ഡി അപ്പച്ചൻ എൻഎം വിജയനെ ചതിക്കുകയാണ് ചെയ്തതെന്ന് പത്മജ പറഞ്ഞു. എൻഡി അപ്പച്ചന് നാണമില്ലെന്നും പൊലീസ് അപ്പച്ചനെ പ്രതിയാക്കിയത് വെറുതെയല്ലെന്നും അവർ പറഞ്ഞു. തന്റെ ആത്മവിശ്വാസം തകർക്കുന്ന രീതിയിലാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. കോൺഗ്രസ് പാർട്ടി മൂലമാണ് കുടുംബം ഈ നിലയിലായത്. കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു. ലോണെടുത്തത് എൻ എം വിജയൻ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 22 പേരുടെ നിയമനവുമായി ബന്ധപ്പെട്ട് ലഭിച്ച പണം നേതാക്കൾ പങ്കിട്ടെടുത്തുവെന്നും മുഴുവൻ ബാധ്യതകളും തന്റെ തലയിലാണെന്നും അവര്‍ പറഞ്ഞു.

ലഭിച്ച പണത്തിൽ നിന്ന് ചില ബാധ്യതകൾ തീർത്തിട്ടുണ്ടെന്നും പത്മജ വ്യക്തമാക്കി. ആശുപത്രി ബില്ല് ഇതുവരെ അടച്ചിട്ടില്ല. രണ്ടുദിവസം മുമ്പ് വരെ കോഴിക്കോട്ടെ ആശുപത്രിയിൽ നിന്ന് ബില്ലടയ്ക്കാൻ വിളിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. പ്രശ്നമുണ്ടായപ്പോൾ മാത്രമാണ് പണം നൽകാമെന്ന് സിദ്ദിഖ് പറഞ്ഞത്. നിവൃത്തികേട് കൊണ്ടാണ് താൻ പ്രതികരിക്കുന്നത്. കരാർ സംബന്ധിച്ച വ്യക്തത കോൺഗ്രസ് പാർട്ടിക്ക് ഇല്ല. പട്ടയം ലഭിച്ചാൽ ഭൂമി വിറ്റ് കടം വീട്ടാനായിരുന്നു ശ്രമം. എഗ്രിമെന്റ് മുക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നേതാക്കൾ നടത്തിയതെന്നും പത്മജ ആരോപിച്ചു.

കഴിഞ്ഞ ദിവസം പത്മജ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ പുൽപ്പള്ളിയിലെ വീട്ടിൽ വെച്ചായിരുന്നു പത്മജ ജീവനൊടുക്കാൻ ശ്രമം നടത്തിയത്. 'കൊലയാളി കോൺഗ്രസ്സേ, നിനക്കിതാ ഒരു ഇര കൂടി' എന്ന കുറിപ്പെഴുതി വച്ചായിരുന്നു പത്മജ ജീവനൊടുക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെയും കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് പത്മജ ഉന്നയിച്ചത്. നേതാക്കൾ പറഞ്ഞ് പറ്റിച്ചുവെന്നും ഡിസിസി ഓഫീസിന് മുന്നിൽ മക്കൾക്കൊപ്പം നിരാഹാരമിരിക്കുമെന്നും പത്മജ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.

ഡിസംബർ 25-നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എൻ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോൺഗ്രസ് നേതാക്കൾക്ക് കുരുക്കായത്. ഐ സി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവരുടെ പേരുകളടക്കം വിജയൻ കത്തിൽ പരാമർശിച്ചിരുന്നു. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിരുന്നത്.

Content Highlights: mn vijayan's family against nd appachan

dot image
To advertise here,contact us
dot image