
കൊച്ചി: മുവാറ്റുപുഴ എംസി റോഡ് ഉദ്ഘാടനം ചെയ്ത എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. മുവാറ്റുപുഴ ട്രാഫിക് എസ്‌ഐ കെപി സിദ്ധിഖിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് എസ്‌ഐ റോഡ് ഉദ്ഘാടനം നിര്‍വഹിച്ചത്. അതിനുപിന്നാലെ സിപിഐഎം ഏരിയാ കമ്മിറ്റി പരാതി നല്‍കിയിരുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ട്രാഫിക് എസ്‌ഐയെക്കൊണ്ട് എംഎല്‍എ റോഡ് ഉദ്ഘാടനം ചെയ്യിപ്പിച്ചതാണ് വിവാദമായത്. രാഷ്ട്രീയ അജണ്ടയ്ക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ രാഷ്ട്രീയ നാടകം കളിച്ചുവെന്നും കാണിച്ചാണ് സിപിഐഎം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തില്‍ പങ്കെടുത്തുവെന്ന് കാട്ടിയാണ് എസ്‌ഐയ്‌ക്കെതിരെ നടപടിയെടുത്തത്.
സംഭവത്തില്‍ പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ രംഗത്തെത്തി. 'എന്തൊരു മാനസികാവസ്ഥയാണിത് സുഹൃത്തുക്കളെ. ഏതാനും മാസങ്ങളായി മുവാറ്റുപുഴ റോഡിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇരുപത് വര്‍ഷമായി നഗരം ആഗ്രഹിച്ച സ്വപ്‌ന പദ്ധതിയായിരുന്നു. റോഡിന്റെ ഒരു ഭാഗത്തിന്റെ പണി പൂര്‍ത്തിയാവുകയും അതിലൂടെ ഗതാഗതം അനുവദിക്കുകയും ചെയ്തിരുന്നു. ട്രാഫിക് പൊലീസുകാരാണ് ഇവിടെ തിരക്ക് നിയന്ത്രിച്ചിരുന്നത്. ഉദ്ഘാടനത്തില്‍ മുവാറ്റുപുഴക്കാര്‍ മറ്റൊന്നും കണ്ടില്ല. നാട്ടുകാരും ഉദ്യോഗസ്ഥരും ട്രാഫിക് പൊലീസുകാരുമെല്ലാം ഉണ്ടായിരുന്നു. റോഡില്‍ കെട്ടിമറയ്ക്കുന്ന ഒരു സ്ട്രിപ്പ് ഉണ്ട്. അതെടുത്ത് മാറ്റി വണ്ടി കയറ്റിവിടുക എന്നൊരു ചടങ്ങ് മാത്രമേ ഉണ്ടായിരുന്നുളളു. അത് എന്നോട് ചെയ്യാന്‍ പറഞ്ഞ് കത്രിക തന്നു. ഞാന്‍ നോക്കിയപ്പോള്‍ നിയമപരമായി അതിനുളള അധികാരവും അവകാശവുമുളളത് ട്രാഫിക് പൊലീസിനാണ്. ട്രാഫിക് എസ്‌ഐ അവിടെയുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹത്തോട് ഞാന്‍ നിര്‍ബന്ധിക്കുകയായിരുന്നു ഉദ്ഘാടനം ചെയ്യാന്‍. കഴിഞ്ഞ മൂന്നുനാല് മാസം നഗരത്തില്‍ ട്രാഫിക് പൊലീസുകാര്‍ എത്രയധികം കഷ്ടപ്പെട്ടതാണ്. ഈ എസ്‌ഐ ഏത് സമയത്ത് വിളിച്ചാലും ഫോണെടുക്കുമായിരുന്നു. മണിക്കൂറുകളോളം ട്രാഫിക് ഉണ്ടാകുമ്പോള്‍ വിളിച്ച് എന്തെങ്കിലും ചെയ്യാന്‍ പറയും. അപ്പോഴെല്ലാം ഓടിയെടുത്തുന്നവരാണ്. ഈ നഗരത്തിനും നാടിനും വേണ്ടി മാസങ്ങളോളം കഷ്ടപ്പെട്ട അവര്‍ക്കുളള അംഗീകാരം എന്ന നിലയില്‍ അദ്ദേഹത്തെക്കൊണ്ട് നിര്‍ബന്ധിച്ച് ഉദ്ഘാടനം ചെയ്യിച്ചതാണ്': മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു.
ഒരു റോഡ് വര്‍ക്ക് തീരുന്നതിനു മുന്‍പ് അതിന്റെ രാഷ്ട്രീയനേട്ടം കൈക്കലാക്കാന്‍ ട്രാഫിക് എസ്‌ഐയെക്കൊണ്ട് എംഎല്‍എ ഉദ്ഘാടനം നടത്തി എന്നൊക്കെ ഏത് മാനസികാവസ്ഥയിലാണ് അവര്‍ പറയുന്നതെന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു. 'നഗരത്തിലൊരു റോഡ് പണി പൂര്‍ത്തിയാക്കുന്നതില്‍ ഇത്രമാത്രം അസ്വസ്ഥത ഈ പാര്‍ട്ടിക്ക് എന്തിനാണ്? ഈ റോഡ് പണി തടസപ്പെടുത്താന്‍ എത്ര തവണയാണ് ഭരണത്തിലിരിക്കുന്ന പാര്‍ട്ടി ഇങ്ങനെ ചെയ്യുന്നത്. ആ ട്രാഫിക് എസ്‌ഐ ചെയ്ത തെറ്റ് എന്താണ്? അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എംഎല്‍എ എന്ന നിലയില്‍ ഞാന്‍ ചെയ്യിച്ച തെറ്റാണ്. സിപിഐഎമ്മിന് വേട്ടയാടണം എന്നുണ്ടെങ്കില്‍ ഞാനിവിടെ ഉണ്ടല്ലോ. എനിക്കെതിരെ നിങ്ങള്‍ക്ക് എന്തുമാവാലോ? സമരമോ പ്രതിഷേധമോ കരിങ്കൊടിയോ തടയലോ പിടിക്കലോ എന്തൊക്കെ ചെയ്തിരിക്കുന്നു. എന്തിനാണ് പാവപ്പെട്ട ഉദ്യോഗസ്ഥരെ വേട്ടയാടുന്നത്? ഈ പാര്‍ട്ടി എങ്ങോട്ടാണ് പോകുന്നത് എന്ന് എനിക്കറിയില്ല. എന്നോടുളള ദേഷ്യംകൊണ്ട് എന്നെ വേട്ടയാടാന്‍ വേണ്ടി നാടിനെ വേട്ടയാടിയതുപോലെ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളില്‍ നിന്നും ദയവായി പിന്‍തിരിയണം. കേരളമനസാക്ഷി ഇതിനെതിരെ ശക്തമായി പ്രതികരിക്കണം': എംഎല്‍എ കൂട്ടിച്ചേര്‍ത്തു. കച്ചേരിത്താഴം മുതല്‍ പിഒ ജംഗ്ഷന്‍ വരെയുളള എംസി റോഡാണ് തുറന്നുകൊടുത്തത്.
Content Highlights: Muvattupuzha MC Road inauguration controversy: SI who inaugurated the road suspended