
ഏഷ്യാ കപ്പില്‍ പാകിസ്താനെതിരെ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നേ ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. പാകിസ്താന്‍ ബോളര്‍മാര്‍ക്ക് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്. പാക് നിരയിലെ സ്പിന്‍ ബാഹുല്യത്തെ കുറിച്ച് സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജരേക്കര്‍ വിശകലനം ചെയ്തത്.
'പാകിസ്താന്റെ ഈ ബോളിങ് കോമ്പിനേഷന്‍ എനിക്ക് ഇഷ്ടപ്പെട്ടു. കാരണം ഇത് ഇന്ത്യ- പാകിസ്താന്‍ മത്സരമാണ്. പാകിസ്താന്റെ ഈ ബോളിങ് കോമ്പിനേഷനെ മറികടക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് തീര്‍ച്ചയായും വ്യത്യസ്തമായി ചിന്തിക്കേണ്ടിവരുമെന്നാണ് എനിക്ക് തോന്നുന്നത്', മഞ്ജരേക്കര്‍ പറഞ്ഞു.
'മുന്‍പും ലോകവേദികളില്‍ പാകിസ്താനെ ഇന്ത്യ നേരിട്ടിട്ടുണ്ട്. പക്ഷേ അതെല്ലാം ഒരു പ്രത്യേകതരം ബൗളിങ് അറ്റാക്കിനെതിരെയായിരുന്നു. ഇപ്പോള്‍ പാകിസ്താനുള്ളത് അതില്‍ നിന്നെല്ലാം പൂര്‍ണമായും വ്യത്യസ്തമാണ്. പാകിസ്താന്റെ ഭാഗത്തുനിന്ന് 'പേസ് ഷോ' ഉണ്ടായേക്കില്ല. ഒരുപക്ഷേ അത് വസീം അക്രമിന് ഇഷ്ടപ്പെട്ടേക്കില്ല', മഞ്ജരേക്കര്‍ തമാശയായി പറഞ്ഞു.
'ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്റെ ബാറ്റിങ് നിര കുറച്ചുകൂടി മെച്ചപ്പെടാനുണ്ട്. എന്നാല്‍ തനിക്കുള്ള റിസോഴ്‌സ് പരമാവധി ഉപയോഗിക്കുന്നതില്‍ കോച്ച് മൈക്ക് ഹെസ്സണ് വലിയ ക്രെഡിറ്റ് കൊടുത്തേ പറ്റൂ. സയിം അയൂബ് പാകിസ്താന് വേണ്ടി നേരത്തെ വളരെ കുറച്ച് മത്സരങ്ങളില്‍ മാത്രമേ പന്തെറിഞ്ഞിരുന്നുള്ളൂ. പക്ഷേ ഹെസ്സണ് കീഴില്‍ അദ്ദേഹം ഇപ്പോള്‍ 90 ശതമാനം ഇന്നിങ്‌സും പന്തെറിയുന്നു. ഇത് പുതിയൊരു സമീപനം തന്നെയാണ്. പാകിസ്താന്‍ വ്യത്യസ്ചമായ കാര്യങ്ങള്‍ പരീക്ഷിക്കുകയാണ്', മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി.
'പാകിസ്താന്റെ ആദ്യത്തെ ആറ് ഓവര്‍, അല്ലെങ്കില്‍ എട്ട് ഓവറുകളിലെ കാര്യം ഒന്ന് ഓര്‍ത്തുനോക്കൂ, രണ്ട് ഓവറുകള്‍ മാത്രമാണ് പേസര്‍മാര്‍ക്ക് നല്‍കുന്നത്. മറ്റെല്ലാ ഓവറുകളും സ്പിന്നര്‍മാരാണ് എറിയുന്നത്. അതിശയകരം', മഞ്ജരേക്കര്‍ തുറന്നുപറഞ്ഞു.
Content Highlights: Sanjay Manjrekar feels Pakistan’s unusual attack can threaten India in Asia Cup