'ഫിറോസ് സമർത്ഥിച്ചിട്ടുണ്ട്,മുതിർന്ന നേതാക്കൾ പ്രതികരിക്കേണ്ട ആവശ്യമില്ല'; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

ഈ ആരോപണത്തിന് ഫിറോസ് തന്നെ മതിയെന്നും സാദിഖലി തങ്ങള്‍

'ഫിറോസ് സമർത്ഥിച്ചിട്ടുണ്ട്,മുതിർന്ന നേതാക്കൾ പ്രതികരിക്കേണ്ട ആവശ്യമില്ല'; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
dot image

മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെയുള്ള അഴിമതി ആരോപണത്തില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കാര്യങ്ങള്‍ പി കെ ഫിറോസ് തന്നെ വ്യക്തവും വ്യവസ്ഥാപിതവുമായ രേഖകള്‍ വച്ച് സമര്‍ത്ഥിച്ചിട്ടുണ്ടെന്ന് ശിഹാബ് തങ്ങള്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ പറയാനില്ലെന്നും ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന നേതാക്കള്‍ പ്രതികരിക്കേണ്ടതിന്റെ ആവശ്യമില്ല. ഈ ആരോപണത്തിന് ഫിറോസ് തന്നെ മതിയെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു. ഫിറോസ് ഉന്നയിക്കുന്ന തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ആരോപണം എന്തുകൊണ്ടാണ് മുസ്‌ലിം ലീഗ് ഏറ്റെടുക്കാത്തതെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍ ചോദിച്ചിരുന്നു.

തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീന്‍ ഇതുവരെ ഒരു അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും എന്തുകൊണ്ട് അദ്ദേഹം ഇടപെടല്‍ നടത്തുന്നില്ലെന്നും കെ ടി ജലീല്‍ ചോദിച്ചു. പി കെ കുഞ്ഞാലികുട്ടി എന്താണ് ഒന്നും പറയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ക്കും വേണ്ടാത്ത ഒരു കാര്യം ഫിറോസ് കൊണ്ടുവന്നത് അദ്ദേഹത്തിന്റെ ഹവാല ഇടപാടുകള്‍ മറക്കാനാണ്. എന്തുകൊണ്ട് കഴിഞ്ഞ നാല് കൊല്ലമായി ലീഗ് നേതാക്കള്‍ ഇതുവരെ ഇത് നിയമസഭയില്‍ പറയാന്‍ തയ്യാറാകാത്തത്? തിരൂര്‍ക്കാരനായ എന്‍ ശംസുദ്ധീന്‍ ഇതുവരെ മിണ്ടിയിട്ടില്ല. ലീഗ് പോലും ഇത് അങ്ങനെ ഒരു ഗൗരവമുള്ള വിഷയമായിട്ട് കാണുന്നില്ല. ഫിറോസിന്റെ തട്ടിപ്പ് മറക്കാനുള്ള നീക്കമായിട്ടാണ് ലീഗ് പോലും സര്‍വകലാശാല ആരോപണത്തെ കാണുന്നതെന്നും കെ ടി ജലീല്‍ പ്രതികരിച്ചിരുന്നു.

ഫിറോസിന് ദുബായില്‍ ബിസിനസ് ഉണ്ടെന്ന് പറഞ്ഞതിന് ഫിറോസ് മറുപടി പറഞ്ഞില്ലെന്നും ഇല്ലാത്ത കമ്പനിയുടെ ലേബലിലാണ് ഫിറോസ് ശമ്പളം വാങ്ങിയതെന്നും കെ ടി ജലീല്‍ പറഞ്ഞു. ദുബായില്‍ എവിടെയാണ് ഫിറോസിന്റെ കമ്പനിയെന്നും അതിന് ഗോഡൗണ്‍ ഉണ്ടോയെന്നും കെ ടി ജലീല്‍ ചോദിച്ചു. 'യുഡിഎഫ് നേതാക്കളുടെ അഴിമതിയെക്കുറിച്ച് നേരത്തെ തന്നെ പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നാലെയാണ് ഫിറോസിന്റെ ആരോപണം വരുന്നത്. സാമ്പത്തിക സ്രോതസ്സ് എന്താണെന്ന് ഇതുവരെ ഫിറോസ് വ്യക്തമാക്കിയിട്ടില്ല. മറുപടി പറയാതെ പികെ ഫിറോസിന് യൂത്ത് ലീഗ് ഭാരവാഹിയായി നില്‍ക്കാനാവില്ല', കെ ടി ജലീല്‍ പറഞ്ഞു.

Content Highlights: Shihab Thangal about K T Jaleel allegation agianst P K Firos

dot image
To advertise here,contact us
dot image