ചെറുജോലിയെടുത്ത് ജീവിക്കുന്ന ഇതരസംസ്ഥാനതൊഴിലാളികളെ മർദിച്ചും ഭീഷണിപ്പെടുത്തിയും പണംതട്ടും; 2 പേര്‍ പിടിയില്‍

ഹില്‍ പാലസ് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോസ്ഥരെ മര്‍ദിച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളാണ് ഇരുവരും

ചെറുജോലിയെടുത്ത് ജീവിക്കുന്ന ഇതരസംസ്ഥാനതൊഴിലാളികളെ മർദിച്ചും ഭീഷണിപ്പെടുത്തിയും പണംതട്ടും; 2 പേര്‍ പിടിയില്‍
dot image

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. നാല് പേരടങ്ങുന്ന സംഘത്തില്‍ നിന്നാണ് ഇരുവരെയും പിടികൂടിയതെന്നും സംഘത്തിലെ രണ്ടുപേരെക്കൂടി കണ്ടെത്താനുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പള്ളുരുത്തി എംഎല്‍എ റോഡില്‍ താമസിക്കുന്ന സദ്ദാം(35), അസിബ് ശിഹാബ് (38) എന്നിവരെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. ഹില്‍ പാലസ് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോസ്ഥരെ മര്‍ദിച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളാണ് ഇരുവരും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് സംഘത്തിന്റെ ലക്ഷ്യം. അന്യസംസ്ഥാന തൊഴിലാളികളെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്താണ് സംഘം പണം തട്ടുന്നത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എതിര്‍ക്കാന്‍ ശേഷിയില്ലാത്തവരും കുടുംബങ്ങളുമാണ് പലപ്പോഴും സംഘത്തിന്റെ ഇരയാകുന്നത്. പനങ്ങാട് കുമ്പളം സൗത്ത് ഹോളി മേരി കോളേജിനടുത്ത് താമസിക്കുന്ന അസം സ്വദേശികളുടെ പക്കല്‍ പണം ആവശ്യപ്പെട്ട് ഇവര്‍ എത്തിയിരുന്നു. എന്നാല്‍ നല്‍കാന്‍ പണമില്ലെന്ന് പറഞ്ഞതോടെ കുടുംബത്തെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് 5,000 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്ത് കടന്നു കളഞ്ഞു.

സംഭവത്തില്‍ കാര്യമായി പരിക്കേറ്റ് അസം സ്വദേശികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സദ്ദാം, അസിബ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അസം സ്വദേശികളില്‍ നിന്ന് കവര്‍ന്ന വസ്തുക്കളും സംഘത്തിന്‍റെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഘത്തില്‍ ബാക്കിയുള്ള രണ്ടുപേരെ കൂടി ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

Content Highlight; Two people caught for taking money from migrant workers in Kochi

dot image
To advertise here,contact us
dot image