
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട് എംപി പ്രിയങ്കാ ഗാന്ധിയും. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച നേതാവാണ് പി പി തങ്കച്ചനെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിബദ്ധതയും വിനയവും കൊണ്ട് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയ സമര്‍പ്പണബോധമുളള നേതാവായിരുന്നു അദ്ദേഹമെന്നും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമര്‍പ്പണബോധത്തോടെ കേരളാ ജനതയെ സേവിച്ച നേതാവായിരുന്നു പി പി തങ്കച്ചനെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പി പി തങ്കച്ചന്റെ അന്ത്യം.ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് നെടുമ്പാശ്ശേരി യാക്കോബായ പള്ളിയിലാണ് സംസ്‌കാരം നടക്കുക. നാളെ രാവിലെ 11 മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. തങ്കച്ചന്റെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിക്കുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.
പ്രാദേശിക തലത്തില്‍ നിന്ന് പടി പടിയായി സംസ്ഥാന നേതൃതലങ്ങളിലേക്ക് ഉയര്‍ന്നുവന്ന വ്യക്തിയായിരുന്നു പി പി തങ്കച്ചന്‍. വിവാദങ്ങളില്‍പ്പെടാതെ സൗമ്യപ്രകൃതനായി രാഷ്ട്രീയ രംഗത്ത് അദ്ദേഹം നിറഞ്ഞു നിന്നു. വഹിച്ച സ്ഥാനങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. മന്ത്രി, നിയമസഭാ സ്പീക്കര്‍ എന്നീ നിലകളില്‍ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി മുന്നോട്ട് പോകാന്‍ അദ്ദേഹത്തിന് സാധിച്ചു. കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച തങ്കച്ചന്‍ എല്ലാവരോടും സൗഹൃദം പുലര്‍ത്തിയ വ്യക്തിയായിരുന്നു എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
എല്ലാവര്‍ക്കും മാതൃകയായിരുന്ന നേതാവായിരുന്നു പി പി തങ്കച്ചൻ എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആൻറണി പറഞ്ഞത്. വിദ്യാര്‍ത്ഥി ജീവിതം ആരംഭിക്കുന്ന കാലം മുതല്‍ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു തങ്ങളെന്നും തങ്കച്ചനെക്കുറിച്ച് ധാരാളം ഓര്‍മ്മകള്‍ മനസ്സിലൂടെ കടന്നുപോവുകയാണെന്നും 60 വര്‍ഷമായി മാസത്തിലൊരിക്കലെങ്കിലും സംസാരിക്കാറുണ്ടാറുണ്ടായിരുന്നുവെന്നും എ കെ ആന്റണി പറഞ്ഞു.
Content Highlights: Rahul Gandhi and Priyanka remember PP Thankachan, veteran congress leader