
തിരുവനന്തപുരം: കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി ഇതുവരെ മിണ്ടാതിരിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറഞ്ഞില്ലെങ്കില്‍ ആരാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
'അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്. ഇതുവരെ ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലുമിട്ടില്ല. മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. ജനങ്ങളെ ക്രൂരമായി തല്ലിക്കൊല്ലുന്ന പൊലീസാണ് കേരളത്തിലേത്. ആ പൊലീസുമായി മുന്നോട്ട് പോയാല്‍ ശക്തമായ പ്രതിഷേധമുണ്ടാകും. യുഡിഎഫ് കാലത്ത് അങ്ങനത്തെ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഉണ്ടായ സംഭവങ്ങളില്‍ അപ്പോള്‍ തന്നെ ഇടപെട്ടിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.
കസ്റ്റഡി മര്‍ദ്ദനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിട്ടും മേലുദ്യോഗസ്ഥര്‍ പൂഴ്ത്തി വെക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. സിസിടിവി കിട്ടിയത് കൊണ്ടാണ് ഇത്രയും ക്രൂരമായ അക്രമം എല്ലാവരും വിശ്വസിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലെങ്കില്‍ പിന്നെന്തിനാണ് സ്‌പെഷ്യല്‍ ബ്രാഞ്ചെന്നും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രിയും ഉത്തരവാദിത്തപ്പെട്ടവരും അറിഞ്ഞിട്ടും മനപ്പൂര്‍വം പൂഴ്ത്തിവെച്ചതാണെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കെപിസിസിയുടെ ഔദ്യോഗിക എക്‌സ് പേജിലെ ബിഹാര്‍ ബിഡി വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് വി ഡി സതീശന്‍ ഒഴിഞ്ഞുമാറി. ഡിജിറ്റല്‍ മീഡിയയെക്കുറിച്ച് ഒന്നും അറിയില്ലെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളുടെ ചോദ്യത്തില്‍ പ്രതികരിച്ചു. ഡിജിറ്റല്‍ മീഡിയയുമായി യാതൊരു ബന്ധവുമില്ലെന്നും അങ്ങനൊരു ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തിക്കുന്നതായി അറിയില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.
Content Highlights: V D Satheesan about Bihar Beedi controversy