'ആർക്കും ബദൽ സംഗമം നടത്താം, ജനാധിപത്യപരമായി പരിപാടികൾ നടത്താൻ എല്ലാവർക്കും അവകാശമുണ്ട്'; പി എസ് പ്രശാന്ത്

എസ്എൻഡിപിയും എൻഎസ്എസും ആഗോള അയ്യപ്പ സംഗമത്തിന് നൽകുന്ന പിന്തുണ ഞങ്ങൾക്ക് പ്രോത്സാഹനമാണെന്ന് പ്രശാന്ത്

'ആർക്കും ബദൽ സംഗമം നടത്താം, ജനാധിപത്യപരമായി പരിപാടികൾ നടത്താൻ എല്ലാവർക്കും അവകാശമുണ്ട്'; പി എസ് പ്രശാന്ത്
dot image

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനെതിരെ ആർക്കും ബദൽ സംഗമം നടത്താമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ആർക്കും ബദൽ സംഗമം നടത്താം. ജനാധിപത്യപരമായി പരിപാടികൾ നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. ഇത് ജനാധിപത്യ രാജ്യമാണ്. അത് അതിന്റെ വഴിക്ക് പോകട്ടെ എന്നായിരുന്നു പ്രശാന്തിന്റെ പ്രതികരണം. ശബരിമലയിൽ നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹിന്ദു ഐക്യവേദി പന്തളത്ത് അയ്യപ്പ സംഗമം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതേസമയം പ്രതിപക്ഷ നേതാവിനെ പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമത്തിന്റെ ഒരുക്കങ്ങള്‍ നടക്കുകയാണ്. പോർട്ടൽ വഴി രജിസ്‌ട്രേഷൻ നടന്നുകൊണ്ടിരിക്കയാണ്. നിലവിൽ 1800ലധികം രജിസ്‌ട്രേഷൻ പൂർത്തിയായി. മത സാമുദായിക സാംസ്‌കാരിക രംഗത്തുള്ളവരെ നേരിട്ട് ക്ഷണിക്കുകയാണ്. എസ്എൻഡിപിയും എൻഎസ്എസും വലിയ പിന്തുണയാണ് അയ്യപ്പ സംഗമത്തിന് നൽകുന്നത്. അവരുടെ പിന്തുണ ഞങ്ങൾക്ക് പ്രോത്സാഹനമാണ്. ഭക്തജനങ്ങളുടെ ഒരുവലിയ കൂട്ടായ്മയായി സംഗമത്തെ കൊണ്ടുപോകുമെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

ദേവസ്വം ബോർഡിന് ഒരു രാഷ്ട്രീയ ലക്ഷ്യവും ഇല്ല. സംഗമം തെരഞ്ഞെടുപ്പ് സമയത്ത് ആയിപ്പോയി എന്നത് മാത്രമാണ് ഏക പ്രശ്‌നം. ദേവസ്വം ബോർഡ് നടത്തുന്ന പരിപാടിയെ സർക്കാർ പിന്തുണയ്ക്കുന്നുവെന്നേ ഉള്ളൂ. ശബരിമല വികസനം മാത്രമാണ് ബോർഡിന്റെ ലക്ഷ്യം. ഇത് വിവാദത്തിലാക്കരുതെന്നും പ്രശാന്ത് പറഞ്ഞു. ശബരിമലയുടെ വികസനം തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളുടെയും ആകെ വികസനമാണ്. യുവതി പ്രവേശന നിലപാട് ഭരണഘടന ബെഞ്ച് പരിശോധിക്കട്ടെ. ശബരിമലയിൽ ഇപ്പോൾ പ്രശ്‌നങ്ങളൊന്നുമില്ല സുഖമായാണ് കാര്യങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാഷ്ട്രീയ വിവാദങ്ങൾക്കിടെ ആഗോള അയ്യപ്പ സംഗമത്തിന്റേതായ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. എഡിഎം ഡോ അരുൺ എസ് നായർക്കാണ് ഏകോപന ചുമതല. എഡിജിപി എസ് ശ്രീജിത്തിനാണ് സംഗമത്തിന്റെ സുരക്ഷാ ചുമതല.

പമ്പാ തീരത്ത് ഈമാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ അടക്കം പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സിപിഐഎം നീക്കമാണെന്നായിരുന്നു ബിജെപി വിമർശനം.

Content Highlights: Travancore Devaswom Board President PS Prashanth says anyone can hold an alternative gathering against the global Ayyappa sangamam

dot image
To advertise here,contact us
dot image