'ഗോഡ്സ് ഇൻഫ്ലുവൻസർ'; കാർലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു

ലിയോ പതിനാലാമൻ മാർപാപ്പയാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്

'ഗോഡ്സ് ഇൻഫ്ലുവൻസർ'; കാർലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു
dot image

വത്തിക്കാൻ സിറ്റി: ഓൺലൈനിലൂടെ കത്തോലിക്കാ വിശ്വാസം പ്രചരിപ്പിച്ച 'ഗോഡ്സ് ഇൻഫ്ലുവൻസർ' എന്നറിയപ്പെടുന്ന കാർലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ലിയോ പതിനാലാമൻ മാർപാപ്പയാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. ഇതോടെ മില്ലെനിയൽ കാലത്ത് (1981–96) ജനിച്ച ആദ്യ വിശുദ്ധനാകും കാർലോ. 1925-ൽ അന്തരിച്ച ഇറ്റാലിയൻ പർവതാരോഹകൻ പിയർ ജോർജിയോ ഫ്രസാറ്റിയെ പർവതാരോഹകരുടെ വിശുദ്ധനായും പ്രഖ്യാപിച്ചു.

ഇറ്റാലിയൻ ദമ്പതിമാരുടെ മകനായി ലണ്ടനിൽ ജനിച്ച അക്യുട്ടിസ് മിലാനിലാണ് വളർന്നത്. സ്വയം കമ്പ്യൂട്ടർ കോഡിങ് പഠിച്ചു. 11–ാം വയസ്സിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിന് തുടക്കമിട്ടത്. 'സൈബർ അപ്പസ്തോലൻ' എന്നാണ് അക്യുട്ടിസിനെ വിശേഷിപ്പിക്കുന്നത്. 2006-ൽ പതിനഞ്ചാം വയസ്സിൽ രക്താർബുദത്തെത്തുടർന്നാണ് അക്യുട്ടിസ് അന്തരിച്ചത്.

ജീൻസും ഷർട്ടും നൈക്കി ഷൂസുമിട്ട അക്യുട്ടിസിന്റെ ഭൗതികദേഹം അസീസിയിൽ ചില്ലുശവകുടീരത്തിൽ സൂക്ഷിച്ചിട്ടുണ്ട്. വിശുദ്ധ പദവിയിലേക്ക് അക്യുട്ടിസിനെ ഉയർത്താൻ ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി മെയിൽ തീരുമാനിച്ചിരുന്നു. 2020 ഒക്ടോബർ 10-നാണ് അക്യുട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

തൻ്റെ മകന്റെ ജീവിതവും വിശ്വാസവും ഒരു തലമുറയിലെ യുവാക്കൾക്ക്, പ്രത്യേകിച്ച് ഡിജിറ്റൽ ലോകത്തിന്റെ സങ്കീർണ്ണതകളിലൂടെ സഞ്ചരിക്കുന്നവർക്ക്, സ്വീകാര്യമാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് അക്യുട്ടിസിന്റെ അമ്മ അന്റോണിയ സൽസാനോ പറഞ്ഞു. ഒരു സാധാരണ ജീവിതമായിരുന്നു മകൻ നയിച്ചിരുന്നത്. കായിക വിനോദങ്ങൾ ആസ്വദിക്കുന്ന നല്ല നർമ്മബോധമുള്ള കുട്ടിയായിരുന്നു. പ്രത്യേകിച്ച് മതവിശ്വാസമുള്ള ഒരു കുടുംബത്തിലല്ല മകൻ വളർന്നത്. എന്നാൽ മകൻ ചെറുപ്പം മുതലേ അവന്റെ വിശ്വാസം വ്യക്തമാക്കിയിരുന്നു. മിലാനിലെ ഭവനരഹിതരെ സഹായിക്കാനും സഹപാഠികളെ പിന്തുണയ്ക്കാനും അവൻ തന്റെ പോക്കറ്റ് മണി ഉപയോഗിക്കുമായിരുന്നുവെന്നും അമ്മ വ്യക്തമാക്കി.

Content Highlights: Carlo Acutis becomes the first ‘millennial’ saint

dot image
To advertise here,contact us
dot image