
കോഴിക്കോട്: മുന്‍ മന്ത്രി കെ ടി ജലീലിന്റെ ആരോപണത്തില്‍ വിശദീകരണവുമായി മുസ്‌ലിം ലീഗ് നേതാവ് പി കെ ഫിറോസ്. രാഷ്ട്രീയം തൊഴിലാക്കുന്ന പണി ഇതുവരെ ചെയ്തിട്ടില്ലെന്ന് പി കെ ഫിറോസ് പറഞ്ഞു. ലീഗിന്റെ വിശ്വാസ്യതയാണ് സിപിഐഎമ്മിന് പ്രശ്‌നമെന്ന് ഫിറോസ് പറഞ്ഞു. വിദേശത്ത് കെഎംസിസി വേദിയിലായിരുന്നു പികെ ഫിറോസിന്റെ പ്രതികരണം.
'ആ വിശ്വാസ്യതയില്‍ പോറല്‍ ഏല്‍പ്പിക്കാനാണ് കെ ടി ജലീല്‍ ശ്രമിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരനായ എന്റെ പിതാവ് പൊതുപ്രവര്‍ത്തകന്‍ ആയിരുന്നു. പിതാവ് ബിസിനസുകാരന്‍ കൂടിയായിരുന്നു. പൊതുപ്രവര്‍ത്തനവും തൊഴിലും ബിസിനസും നടത്തിയ പിതാവ് ആണ് മാതൃക', ഫിറോസ് പറഞ്ഞു. അഭിമാനത്തോടെ ഇത് പറയുമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് മനുഷ്യരെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിന്റെ സെയില്‍സ് മാനേജരാണ് പി കെ ഫിറോസെന്നും പാര്‍ട്ടി പദ്ധതികളുടെ മറവില്‍ വന്‍ സാമ്പത്തിക തിരിമറിയാണ് ഫിറോസ് നടത്തുന്നതെന്നുമായിരുന്നു കെ ടി ജലീലിന്റെ ആരോപണം. ദോത്തി ചലഞ്ചെന്ന പേരില്‍ 200 രൂപ പോലുമില്ലാത്ത മുണ്ട് അറുനൂറിലധികം രൂപയ്ക്കാണ് യൂത്ത് ലീഗ് നേതാക്കള്‍ വാങ്ങിയതെന്നും വന്‍തട്ടിപ്പാണ് അന്ന് നടന്നതെന്നും കെ ടി ജലീല്‍ ആരോപിക്കുന്നു.
അതേസമയം ഫോര്‍ച്യൂണ്‍ ഹൗസ് ജനറല്‍ എന്ന ദുബായ് കമ്പനിയുടെ മാനേജരാണ് പികെ ഫിറോസെന്നും മാസം അഞ്ചേകാല്‍ ലക്ഷം രൂപയാണ് ഫിറോസിന്റെ ശമ്പളമെന്നും രേഖകള്‍ നിരത്തി കെ ടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 2024 മാര്‍ച്ച് 23 മുതല്‍ ഈ ശമ്പളം കൈപ്പറ്റുന്ന ഫിറോസ് 2021 ല്‍ മത്സരിക്കുമ്പോള്‍ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്നാണ് പറഞ്ഞിരുന്നതെന്നും ഇത്തരത്തില്‍ ബാധ്യത ഉള്ളയാള്‍ക്ക് 2024 ആവുമ്പോഴേക്കും എങ്ങനെ ഇത്രയും ശമ്പളം വാങ്ങുന്ന ജോലി കിട്ടിയെന്നും ജലീല്‍ ചോദിച്ചു. യൂത്ത് ലീഗ് നേതാക്കള്‍ തന്നെയാണ് ഈ രേഖകള്‍ എല്ലാം തരുന്നതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: P K Firoz reaction over K T Jaleel press conference against him