
ബഹ്റൈനിൽ ട്രാഫിക് നിയമ ലംഘനം നടത്തിയാൽ മിനുറ്റുകൾക്കുള്ളിൽ നടപടി സ്വീകരിക്കാൻ അധികൃതർ. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അത്യാധുനിക സ്മാർട്ട് കാമറ സ്ഥാപിക്കാനൊരുങ്ങുകയാണ് ബഹ്റൈൻ ട്രാഫിക് മന്ത്രാലയം. പ്രാഥമിക ഘട്ടത്തിൽ 500ഓളം കാമറകളാണ് സ്ഥാപിക്കുന്നത്.
പൊതു നിരത്തിലെ വിവിധതരം ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യകളോടുകൂടിയ ഉയർന്ന നിലവാരമുള്ള കാമറകളാണ് റോഡുകളിൽ സ്ഥാപിക്കുന്നത്. സുരക്ഷയും ഒപ്പം ട്രാഫിക് നിയമങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രധാന ചുവടുവെപ്പാണ് പുതിയ പദ്ധതിയെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ മേജർ ജനറൽ ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ പറഞ്ഞു.
ട്രാഫിക് സംവിധാനത്തെ പിന്തുണക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് സാങ്കേതിക അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുന്നതിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് ഈ സംരംഭം നടപ്പാക്കുന്നതെന്ന് പ്രിൻസ് സൽമാൻ പറഞ്ഞു. ട്രാഫിക് നിയമത്തിലെ ചില വ്യവസ്ഥകളിൽ ഭേദഗതി വരുത്തുന്നതിനായി ഹമദ് ബിൻ ഈസ ആൽ ഖലീഫ പുറത്തിറക്കിയ നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ഈ ആധുനിക സംവിധാനം സഹായകമാണെന്ന് പ്രിൻസ് സൽമാൻ വ്യക്തമാക്കി.
ആഗസ്റ്റ് 22ന് പ്രാബല്യത്തിൽ വന്ന പുതിയ ഉത്തരവുപ്രകാരം ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ കർശനമാക്കിയിട്ടുണ്ട്. പൊതുജനങ്ങളിൽ ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അവബോധവും നിയമങ്ങൾ അനുസരിക്കാനുള്ള ത്വരയും വർധിപ്പിച്ചിട്ടുമുണ്ട്. ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗതസംസ്കാരം വളർത്തുന്നതിനും സ്മാർട്ട് സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും സുരക്ഷാ പട്രോളിങ്ങുകളിലൂടെയുള്ള ഫീൽഡ് പരിശോധനകളും ബോധവത്കരണ പരിപാടികളും ട്രാഫിക് ഡയറക്ടറേറ്റ് തുടരുമെന്നും പ്രിൻസ് സൽമാൻ പറഞ്ഞു.
കാമറ സ്ഥാപിക്കുന്നതിലൂടെ നിയമ ലംഘനം കണ്ടെത്തിയാൽ മിനിറ്റുകൾക്കുള്ളിൽ ഫൈൻ അടക്കമുള്ള നടപടികളുണ്ടാകും. ചുവപ്പ് സിഗ്നൽ മറികടക്കുക, മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ്, വേഗത, അപകടമായ രീതിയിലുള്ള ഡ്രൈവിംഗും ഓവർടേക്കിങ് എന്നിവയ്ക്ക് അപ്പോൾ തന്നെ പിഴ ലഭിക്കും.
Content Highlights: Bahrain to take action within minutes if traffic rules are violated