
കോഴിക്കോട്: ഗുരുതര ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പരസ്യ പിന്തുണയുമായി യുഡിഎഫ് കണ്‍വീനർ അടൂര്‍ പ്രകാശ് എം പി. രാഹുലിന് സംരക്ഷണം ഒരുക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. രാഹുലിനെതിരെ ഉയർന്നത് തിരഞ്ഞെടുപ്പ് കാലത്ത് വരുന്ന കഴമ്പില്ലാത്ത ആരോപണങ്ങളാണ്. എല്ലാവര്‍ക്കും നീതി ലഭ്യമാക്കേണ്ടതുണ്ട്. മറുഭാഗത്ത് ഇരിക്കുന്നവര്‍ക്കെതിരെയും സമാന ആരോപണമുണ്ട്. അവര്‍ക്ക് ലഭിക്കേണ്ട നീതി രാഹുലിനും ലഭിക്കണം. ആരോപണം ഉയര്‍ന്ന സാഹചര്യം പരിഗണിച്ചാണ് രാഹുലിനെതിരെ നടപടി സ്വീകരിച്ചത് എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
രാഹുല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ചും അടൂര്‍ പ്രകാശ് പ്രതികരിച്ചു. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണ്. ആരോപണങ്ങള്‍ ഉയര്‍ന്നവര്‍ സഭയിലുണ്ട്. രാഹുലിനെ മാത്രം എന്തിന് മാറ്റി നിര്‍ത്തണം എന്ന് അടൂര്‍ പ്രകാശ് ചോദിച്ചു. സിപിഐഎം അല്ല കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. രാഹുലിനെതിരെ കേസ് ഇല്ല. ജനാധിപത്യ രീതിയിലാണ് മാറ്റി നിര്‍ത്തിയത്. കേസ് എടുക്കട്ടെ അപ്പോള്‍ നോക്കാം എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
രാഹുലിനെ പാലക്കാട് മണ്ഡലത്തിലെത്തിക്കാന്‍ തിരക്കിട്ട നീക്കം എ ഗ്രൂപ്പ് നടത്തുന്നുവെന്ന വിവരങ്ങള്‍ക്കിടെയാണ് അടൂര്‍ പ്രകാശ് പരസ്യപിന്തുണയറിയിച്ച് രംഗത്ത് വരുന്നത്. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളില്‍ രാഹുലിനെ പങ്കെടുപ്പിക്കാനാണ് നീക്കം.
മണ്ഡലത്തില്‍ നിന്ന് ഏറെനാള്‍ വിട്ടുനിന്നാല്‍ പ്രതിസന്ധിയാവുമെന്ന നിലപാടിലാണ് നേതാക്കള്‍. പാലക്കാട് നടന്ന എ ഗ്രൂപ്പ് യോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്തത്. എന്നാല്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി ഷാഫി പറമ്പില്‍ പാലക്കാട് എത്തിയിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ മാത്രമാണ് താന്‍ എത്തിയതെന്നായിരുന്നു പ്രതികരണം. ഈ പരിപാടിക്ക് ശേഷമാണ് മണ്ഡലത്തിലെ മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കളുമായി ഷാഫി ചര്‍ച്ച നടത്തിയത്.
Content Highlights: Adoor Prakash said that he will provide protection for Rahul Mamkootathil