'മുഖ്യമന്ത്രി വിശ്വാസിയല്ല നാസ്തികന്‍, അദ്ദേഹമാണോ അയ്യപ്പ സംഗമം നടത്തേണ്ടത്'; രാജീവ് ചന്ദ്രശേഖര്‍

മുസ്‌ലിം സമുദായത്തിനെതിരെ ഏതെങ്കിലും നേതാവ് പറഞ്ഞാൽ, മുസ്‌ലിം പരിപാടിയിൽ മുഖ്യമന്ത്രി അയാളെ അതിഥിയായി ക്ഷണിക്കുമോയെന്നും രാജീവ് ചന്ദ്രശേഖർ

'മുഖ്യമന്ത്രി വിശ്വാസിയല്ല നാസ്തികന്‍, അദ്ദേഹമാണോ അയ്യപ്പ സംഗമം നടത്തേണ്ടത്'; രാജീവ് ചന്ദ്രശേഖര്‍
dot image

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. അയ്യപ്പ സംഗമം വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണെന്നും തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് സംഗമം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അയ്യപ്പ സംഗമം രാഷ്ട്രീയമായി കാണരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനെതിരെയാണ് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്. ആരെ വിഡ്ഢിയാക്കാനാണ് മുഖ്യമന്ത്രി അയ്യപ്പ സംഗമം രാഷ്ട്രീയമായി കാണരുതെന്ന് പറയുന്നത്. രാഷ്ട്രീയം അല്ലെങ്കിൽ പിന്നെ എന്തിനാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. സ്റ്റാലിൻ എപ്പോഴാണ് അയ്യപ്പഭക്തനായതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് ഇത് സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണ്. പത്ത് കൊല്ലം ഈ ഭക്തർക്ക് ഒരു അടിസ്ഥാന സൗകര്യം പോലും ചെയ്ത് നൽകാത്ത ദേവസ്വം അയ്യപ്പ സംഗമം നടത്തുകയാണെങ്കിൽ നടത്തട്ടെ. ഹിന്ദു വൈറസ് ആണെന്നും തുടച്ചുനീക്കണമെന്നും പറഞ്ഞ സ്റ്റാലിനും അയ്യപ്പ ഭക്തന്മാരെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും അവിടെ പോകാൻ പാടില്ല. അത് അപമാനമാണ്. സർക്കാർ പരിപാടിയല്ലെങ്കിൽ എന്തിനാണ് അയ്യപ്പ സംഗമത്തെ കുറിച്ച് മുഖ്യമന്ത്രി പറയുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മുഖ്യമന്ത്രി ദൈവ വിശ്വാസിയല്ല, നാസ്തികനാണ്. സംഗമം ആരാധനയുടെ ഭാഗമാണെന്ന് നാസ്തികനായ സിപിഐഎം മുഖ്യമന്ത്രി പറയുന്നു. പതിനെട്ട് തവണ ശബരിമലയിൽ പോയ എനിക്ക് ഒന്നും അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇതിൽ ആര് പറയുന്നതാണ് ജനം വിശ്വസിക്കുകയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. സംഗമം നടത്തുന്നത് ആരാധനയുടെ ഭാഗമായാണെങ്കിൽ സ്റ്റാലിനെയും ഡിഎംകെയേയും വിളിക്കരുത്. ഭക്തർ ഞങ്ങളാണ്. ഞങ്ങളുടെ വിഷയങ്ങളാണ് പരിഗണിക്കേണ്ടത്. അല്ലാതെ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രിയാണോ പരിപാടി നടത്തേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മുസ്‌ലിം സമുദായത്തിനെതിരെ എന്തെങ്കിലും ഏതെങ്കിലും നേതാവ് പറഞ്ഞാൽ മുഖ്യമന്ത്രി ഒരു മുസ്‌ലിം പരിപാടിയിൽ അയാളെ അതിഥിയായി ക്ഷണിക്കുമോയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സിപിഐഎം ഇറങ്ങുന്നതെങ്കിൽ അത് തുറന്നു പറയണം. വിരട്ടൽ രാഷ്ട്രീയം ഞങ്ങളുടേതല്ല. ഭീഷണിപ്പെടുത്തലും ഭയപ്പെടുത്തലും വിരട്ടലുമെല്ലാം സിപിഐഎമ്മിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് കേരളത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കേട്ടു. ഞാൻ പിണറായി വിജയനെ പോലൊരു വിദ്വാനല്ല. അങ്ങനെയൊരു വിദ്വാൻ ആകാൻ എനിക്ക് ആഗ്രഹവുമില്ല. കോടികളുടെ കടം കേരളത്തിലെ ജനത്തിനുമേൽ കെട്ടിവെച്ച ആളാണ് പിണറായി വിജയനെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ആഗോള അയ്യപ്പസംഗമം നടക്കുമെന്നും അതിന് സർക്കാർ സഹായം നൽകുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാഷ്ട്രീയമായി ഇതിനെ കാണേണ്ടതില്ലെന്നും സർക്കാർ പരിപാടിയല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി, ദേവസ്വം ബോർഡാണിത് നടത്തുന്നതെന്നും പറഞ്ഞിരുന്നു. പരിപാടി നല്ല നിലയ്ക്ക് നടക്കട്ടേ, വിരട്ടൽ കൊണ്ട് ആരും വരേണ്ട, അതുകൊണ്ടൊന്നും പരിപാടി നടക്കാതിരിക്കില്ലെന്നും രാജീവ് ചന്ദ്രശേഖറിനെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അയ്യപ്പ സംഗമത്തിന് സ്റ്റാലിനെത്തിയാൽ തടയുമെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തെ പറഞ്ഞിരുന്നു.

Content Highlights: Rajeev Chandrasekhar against Pinarayi Vijayan on Global Ayyappa sangamam controversy

dot image
To advertise here,contact us
dot image