
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് ജില്ലയിൽ ഗ്രൂപ്പ് തിരിഞ്ഞ് സാമൂഹ്യമാധ്യമങ്ങളിൽ തർക്കം. 'തിരിച്ച് പിടിക്കും തൃത്താല' എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പിലാണ് തർക്കം. രാഹുലിനെതിരായാണ് വി ടി ബൽറാം വിഭാഗത്തിന്റെ നീക്കം.
മുൻ എംപിയുടെ മകൾക്ക് രാഹുൽ അശ്ലീല മെസേജ് അയച്ചെന്ന് ബൽറാം വിഭാഗം പറയുന്നു. തുടർന്ന് തൃത്താല യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ കയ്യാങ്കളിയുണ്ടായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും വിമർശനമുയർന്നു. കെഎസ്‌യു ആലത്തൂർ മണ്ഡലം കമ്മിറ്റി ഗ്രൂപ്പിൽ ഷാഫി പറമ്പിലിനെതിരെയും വിമർശനമുയർന്നു.
അതേസമയം, യുവതികളെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതടക്കം ഗുരുതരമായ ഫോൺ സംഭാഷണങ്ങളും ചാറ്റുകളും പുറത്തുവന്ന പശ്ചാത്തലത്തിൽ സസ്‌പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് സംരക്ഷണം നൽകേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനം. നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും കോൺഗ്രസിൽ ഉയർന്നിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്താൽ സർക്കാരിന് എതിരെയുള്ള പ്രധാന വിഷയങ്ങൾ ഉന്നയിക്കാൻ തടസ്സമാകുമെന്നാണ് വിലയിരുത്തൽ.
ഘടകകക്ഷി നേതാക്കളും സമാനമായ അഭിപ്രായം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ കൂടിയാലോചനകൾക്ക് ശേഷം തീരുമാനം എടുക്കാനാണ് നീക്കം. ഒരുതരത്തിലും രാഹുലുമായി സഹകരിച്ചു പോകാൻ കഴിയില്ലെന്ന് കോൺഗ്രസിലെ വലിയൊരു വിഭാഗം വനിതാ നേതാക്കൾ നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുണ്ട്. നിരപരാധിത്വം തെളിയിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചുവരാമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്.
ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്താൽ മതി എന്ന തീരുമാനത്തിലും എത്തിയതോടെ യൂത്ത് കോൺഗ്രസിന്റെ ഏതാനും നേതാക്കൾ വീട്ടിൽ എത്തി രാഹുലിനെ കണ്ടിരുന്നു. യൂത്ത് കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ പിന്തുണ തനിക്ക് ഉണ്ടെന്ന് അറിയിക്കാനുള്ള ഒരു ശ്രമമാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയത്. മുറിക്കുള്ളിൽ കുറച്ച് സമയം യൂത്ത് കോൺഗ്രസ് ഭാരവാഹികളുമായി രാഹുൽ മാങ്കൂട്ടത്തിൽ ചർച്ച നടത്തി. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ രാഹുൽ തയ്യാറായില്ല.
കെപിസിസി അധ്യക്ഷൻ സസ്‌പെൻഷൻ നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളെ കാണുമെന്ന് സൂചന ഉണ്ടായിരുന്നു. കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ സ്വയം ന്യായീകരണത്തിനാണ് രാഹുൽ മാങ്കൂട്ടത്തിൽ ശ്രമിച്ചത്. റിപ്പോർട്ടർ ടി വി പുറത്തുവിട്ട ശബ്ദ സംഭാഷണത്തിൽ ചോദ്യങ്ങൾക്ക് ഇത് വരെ രാഹുൽ മാങ്കൂട്ടത്തിൽ മറുപടി നൽകിയിട്ടില്ല.
യുവ നേതാവിനെതിരെ മാധ്യമപ്രവർത്തകയും അഭിനേതാവുമായി റിനി ആൻ ജോർജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവർത്തക പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. 'ഹു കെയേഴ്സ്' എന്നതായിരുന്നു യുവനേതാവിന്റെ ആറ്റിറ്റിയൂഡെന്നും റിനി പറഞ്ഞിരുന്നു. പേര് പറയാതെയായിരുന്നു റിനിയുടെ വെളിപ്പെടുത്തലെങ്കിലും രാഹുലിനെ ഉദ്ദേശിച്ചുള്ള പരാമർശമാണ് നടത്തിയതെന്ന ആരോപണം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.
തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമർശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരൻ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി. പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണം അടക്കം രാഹുലിനെതിരെ നിരവധി ആരോപണങ്ങൾ പുറത്തുവന്നിരുന്നു. ഹൈക്കമാൻഡും കൈയൊഴിഞ്ഞതോടെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.
Content Highlights: VT Balram group move against Rahul mamkootathil