'ആ രാഷ്ട്രീയ മാലിന്യത്തെ തുടച്ച് നീക്കണം'; രാഹുലിനെതിരെ സോണിയാ ഗാന്ധിക്ക് ഒരു ലക്ഷം കത്തുകൾ അയയ്ക്കാൻ എസ്എഫ്ഐ

'രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നന്നേക്കുമായി കേരള രാഷ്ട്രീയത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടണം'

dot image

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ എസ്എഫ്‌ഐ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് ഒരു ലക്ഷം കത്തുകള്‍ അയയ്ക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന നേതാവ് സ്ത്രീകളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് ഇന്ത്യയുടെ സുപ്രധാന പാര്‍ട്ടിയുടെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന സോണിയാ ഗാന്ധി മനസിലാക്കണം. രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നെന്നേക്കുമായി കേരള രാഷ്ട്രീയത്തിൻ്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടണമെന്നും സഞ്ജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരളത്തിലെ എസ്എഫ്‌ഐ പ്രതിനിധികളായ പെണ്‍കുട്ടികളും വിദ്യാര്‍ത്ഥിനികളുമായിരിക്കും സോണിയാ ഗാന്ധിക്ക് കത്തെഴുതുകയെന്നും സഞ്ജീവ് പറഞ്ഞു. വയനാട് എംപികൂടിയായ പ്രിയങ്ക ഗാന്ധിയും മഹിളാ കോണ്‍ഗ്രസിന്റെ നേതാക്കളും കെഎസ്‌യുവിന്റെ വനിതാ വിംഗും കോണ്‍ഗ്രസിന്റെ വനിതാ എംപിമാരും വിഷയത്തില്‍ ഉത്തരവാദിത്തത്തോടെ ഇടപെടണം. കൃത്യമായ നിലപാടെടുക്കണം. ഇയാള്‍ തിരിച്ചുവരികയാണെങ്കില്‍ അത് ഇരകളെ വേട്ടയാടുന്നതിന് തുല്യമായിരിക്കും. ആ രാഷ്ട്രീയ മാലിന്യത്തെ പുറത്താക്കണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു.

ഷാഫി പറമ്പില്‍ എംപിക്കെതിരെയും സഞ്ജീവ് ആഞ്ഞടിച്ചു. പാലക്കാട് നിന്ന് ഓടി എംപിയായി വന്ന് ഇപ്പോള്‍ ബിഹാറിലേയ്ക്ക് പോയിരിക്കുന്ന ഷാഫി പറമ്പില്‍ കേരളത്തിലേക്ക് വന്നാല്‍ വിഷയത്തില്‍ പ്രതികരിക്കേണ്ടിവരും. തങ്ങള്‍ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുമെന്ന് സഞ്ജീവ് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുനിരത്തില്‍ പ്രത്യേകിച്ച് പാലക്കാട് അത്ര എളുപ്പത്തില്‍ ഇറങ്ങി നടക്കില്ലെന്നും സഞ്ജീവ് പറഞ്ഞു.

Also Read:

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് എസ്എഫ്‌ഐ എംഎല്‍എ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന്റെയും ജില്ലാ സെക്രട്ടറി വിപിന്റെയും നേതൃത്വത്തിലുള്ള എസ്എഫ്‌ഐ നേതാക്കളായിരുന്നു പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. എംഎല്‍എ ഓഫീസിന് മുന്നില്‍ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ അതിനെ മറികടന്നു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തു. ബാരിക്കേഡും ജലപീരങ്കിയും മറികടന്ന് പ്രവര്‍ത്തകര്‍ എംഎല്‍എ ഓഫീസിന് മുന്നിലെത്തി. എംഎല്‍എ ഓഫീസിന് അകത്തയേക്ക് പ്രവര്‍ത്തകര്‍ കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ഓഫീസിന് അകത്ത് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. പാലക്കാട് അഡീഷണല്‍ എസ്പി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നു. പിരിഞ്ഞുപോകാന്‍ തയ്യാറാകാതെ പ്രവര്‍ത്തകര്‍ രാഹുലിനെതിരെ മുദ്രാവാക്യമുയര്‍ത്തി. ഏറ്റവും ദൗര്‍ഭാഗ്യകരമായാണ് എസ്എഫ്‌ഐക്ക് ഇത്തരത്തിലൊരു സമരം ഏറ്റെടുക്കേണ്ടിവന്നതെന്ന് എസ്എഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറി വിപിന്‍ പറഞ്ഞിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു എംഎല്‍എ പീഡനവീരനാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും ജില്ലാ സെക്രട്ടറി ആഞ്ഞടിച്ചിരുന്നു.

കഴിഞ്ഞ ദിവസം യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയും അഭിനേതാവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തക പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നേതാവിനെ പരിചയപ്പെട്ടത്. സൗഹൃദത്തിലായി കുറച്ചുനാളായപ്പോള്‍ തന്നെ അയാള്‍ തന്നോട് മോശമായി പെരുമാറി. അപ്പോള്‍ തന്നെ അയാളോട് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. 'ഹു കെയര്‍' എന്നതായിരുന്നു ആറ്റിറ്റിയൂഡ്. ഇതേപ്പറ്റി പല നേതാക്കളോടും പരാതിപ്പെട്ടിരുന്നു. അവര്‍ക്കും ഹു കെയര്‍ എന്ന ആറ്റിറ്റിയൂഡായിരുന്നുവെന്നും റിനി പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലാണോ ആ നേതാവ് എന്ന ചോദ്യത്തിന് റിനി മറുപടി നല്‍കിയിരുന്നില്ല. ആ നേതാവ് ഉള്‍പ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിലെ മറ്റ് നേതാക്കളുമായി നല്ല ബന്ധമാണുള്ളതെന്നും അതുകൊണ്ട് പേര് പറയുന്നില്ലെന്നുമായിരുന്നു റിനി പറഞ്ഞത്.

ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തക തുറന്നുകാട്ടിയ വ്യക്തി രാഹുല്‍ മാങ്കൂട്ടത്തിലാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കര്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം അടക്കം പുറത്തുവന്നിരുന്നു. ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.

Content Highlights- SFI members and students will write letter to sonia gandhi over rahul mamkootathil issue

dot image
To advertise here,contact us
dot image