
ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും ഇന്റീരിയർ ഡിസൈനറും സംരഭകയുമായ ഗൗരി ഖാന്റെ റെസ്റ്ററൻ്റായ ടോറി വീണ്ടും വിവാദത്തിൽ. മുൻപ് വ്യാജ പനീർ വിളമ്പുന്നുവെന്നാരോപിച്ച് ഗൗരിയുടെ മുംബൈ ആസ്ഥാനമായുള്ള ടോറി റെസ്റ്ററന്റ് വിവാദത്തിൽ പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ടോറിയുടെ സഹസ്ഥാപകനായ അഭയരാജ് കോഹ്‌ലി വീണ്ടും പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
'നിങ്ങൾക്ക് മുന്നിൽ വിളമ്പുന്ന ഭക്ഷണത്തിൽ മുടിയോ ചിലപ്പോൾ പ്രാണികളോ ഉണ്ടായിരിക്കാം. അത് സാധാരണമാണ്, ജോലിയുടെ ഭാഗമാണ്. അത് നിങ്ങളുടെ വീടുകളിലും, ജോലിസ്ഥലത്തുമൊക്കെ സംഭവിക്കാറില്ലേ, അത് മാറ്റാൻ ഒന്നിനും കഴിയില്ല' എന്നായിരുന്നു അഭയരാജ് കോഹ്‌ലിയുടെ അഭിപ്രായം. പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. പോപ്പ് ഡയറീസുമായുള്ള ഒരു സംഭാഷണത്തിലായിരുന്നു അഭയരാജ് കർശനമായ ശുചിത്വ പ്രോട്ടോക്കോളുകൾ ഉണ്ടായിരുന്നിട്ടും, ഇടയ്ക്കിടെയുള്ള പിഴവുകൾ സംഭവിക്കാമെന്ന് സമ്മതിച്ചത്.
ടോറി പോലുള്ള പുരോഗമന ഏഷ്യൻ ഭക്ഷണവിഭവങ്ങൾ വിളമ്പുന്ന ഒരു റെസ്റ്റോറന്റിലെ സുഷി, സാഷിമി, സെവിച്ചെ തുടങ്ങിയ അസംസ്കൃത ഭക്ഷണങ്ങൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ചും അഭയരാജ് കോഹ്‌ലി സംസാരിച്ചിരുന്നു. "ടോറിയിൽ ഞങ്ങൾ പച്ച മാംസമാണ് വിളമ്പുന്നത്. സുഷി, സാഷിമി, സെവിച്ചെ, എന്നിവയിൽ പച്ച മാംസം ഉണ്ട്. ഫ്രീസറിൽ നിന്ന് മാംസം പുറത്തെടുത്ത് വിളമ്പുന്നത് സുരക്ഷിതമല്ല. സൂപ്പർഫ്രീസർ എന്ന പ്രത്യേക ഉപകരണത്തിലാണ് ഭക്ഷണം സൂക്ഷിക്കേണ്ടത്. സൂപ്പർഫ്രീസർ ഭക്ഷണത്തെ -60, -70 ഡിഗ്രിയിലേക്ക് താഴ്ത്തുന്നു, ഇത് ഭക്ഷണത്തിൽ ബാക്ടീരിയകൾ വളരാൻ അനുവദിക്കുന്നില്ല," അദ്ദേഹം പറഞ്ഞു.
2024 ലാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ്റെ ഭാര്യ കൂടിയായ ഗൗരി ഖാൻ ടോറിയുമായി ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കടക്കുന്നത് .
മുംബൈയിലെ ബാന്ദ്ര ആസ്ഥാനമായുള്ള പാൻ-ഏഷ്യൻ റെസ്റ്റോറന്റാണ് ടോറി. 4,500 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന 82 സീറ്റുകളുള്ള റെസ്റ്ററന്റ് മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. വിശാലമായ ഐലൻഡ് ബാറിനോട് ചേർന്നുള്ള ഒരു ലോഞ്ചും ഇവിടെ കാണാൻ സാധിക്കും. മുംബൈയിലെ ഉയർന്ന പ്രദേശമായ ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന ടോറി, ഏഷ്യൻ, ലാറ്റിൻ-അമേരിക്കൻ രുചികളുടെ മിശ്രിതവും അതിന്റെ വിഭവങ്ങളിൽ ഉൾപ്പെടുന്നു.
Content Highlights- 'There may be hair or insects in the food, no one can prevent it': Gauri Khan's restaurant in controversy