
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തില്‍ സിപിഐഎം രാഹുലിന്റെ രാജി ആവശ്യപ്പെട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എം വി ഗോവിന്ദന്റെ പ്രതികരണം താന്‍ കാര്യമായി കേട്ടു എന്നും കോണ്‍ഗ്രസ് തീരുമാനിക്കട്ടെ എന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത് എന്നും സണ്ണി ജോസഫ് വ്യക്തമാക്കി. രാജി ആവശ്യപ്പെടാന്‍ സിപിഐഎമ്മിനോ ബിജെപിക്കോ ധാര്‍മികമായി അവകാശമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞത്. ആരോപണത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചെങ്കിലും എംഎല്‍എ സ്ഥാനം രാജി വെക്കാന്‍ തയ്യാറായിരുന്നില്ല.
'രാഹുലിനെതിരെ ആരോപണം വന്നയുടന്‍ അദ്ദേഹം പാര്‍ട്ടി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞു. ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ ആലോചിക്കും.' സണ്ണി ജോസഫ് പറഞ്ഞു. വി കെ ശ്രീകണ്ഠന്‍ പറഞ്ഞ വാക്കുകളെല്ലാം അദ്ദേഹം തന്നെ തിരുത്തിയിട്ടുണ്ടല്ലോ എന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുമായി ഇന്ന് മറ്റൊരു യുവതിയും രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് മുറിയിലെത്തിച്ചുവെന്നും സാഹചര്യമുണ്ടാക്കി സംസാരിക്കാന്‍ തനിക്കറിയാത്ത സ്ഥലം തെരഞ്ഞെടുത്ത് അവിടെയെത്തിച്ചുവെന്നും യുവതി ആരോപിച്ചു.
'നല്ല രീതിയില്‍ സമയമെടുത്താണ് അദ്ദേഹം സമീപിച്ചത്. ആദ്യം താല്‍പര്യമില്ലെന്ന് പറഞ്ഞു. പുള്ളി തന്നെ ഇനീഷ്യേറ്റീവെടുത്ത് രാവിലെയും ഉച്ചയ്ക്കും രാത്രിയും കോള്‍ ചെയ്യുമായിരുന്നു. ഓക്കെയല്ലെങ്കില്‍ നിര്‍ത്താം ഞാന്‍ നിനക്ക് പറ്റുന്നയാളാണോയെന്ന് നോക്കാമെന്ന് പുള്ളി നിര്‍ബന്ധിച്ചു. കാണാം, സംസാരിക്കാമെന്ന് പറഞ്ഞ് സാഹചര്യമുണ്ടാക്കി. പുള്ളിയും ഫെനി നൈനാനും കൂടെയുണ്ടായിരുന്നു. അവനും കൂടി വന്നിട്ടാണ് എന്നെ കൂട്ടിക്കൊണ്ടുപോയത്. സംസാരിക്കാന്‍ എനിക്ക് അറിയാത്ത സ്ഥലം തെരഞ്ഞെടുത്തു. ആളുകള്‍ കാണും, മുറിയെടുത്ത് സംസാരിക്കാമെന്നും അതായിരിക്കും സേഫെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു', യുവതി പറഞ്ഞു.
2023ലാണ് രാഹുലിനെ പരിചയപ്പെടുന്നതെന്നും അതിന് മുമ്പ് തന്നെ രാഹുലിനെ അറിയാമായിരുന്നുവെന്നും യുവതി പറഞ്ഞു. ആദ്യം ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു ചാറ്റ് ചെയ്തത്. അതിന് ശേഷം നമ്പര്‍ വാങ്ങിച്ചു. ടെലഗ്രാമിലൂടെ മെസേജ് അയക്കുമായിരുന്നുവെന്നും യുവതി. ഇന്‍സ്റ്റാഗ്രാമില്‍ ടൈമര്‍ സെറ്റ് ചെയ്തായിരുന്നു സംസാരിച്ചത്. മെസേജുകള്‍ റെക്കോര്‍ഡ് ചെയ്യരുതെന്ന് പുള്ളിക്ക് ഉണ്ടായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.
രാഹുല്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ ഇന്നലെ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. സിനിമ നടി റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുലിനെതിരായ ശബ്ദം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്.തനിക്ക് അശ്ലീല സന്ദേശം അയക്കുകയും ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്തെന്നാണ് റിനി വെളിപ്പെടുത്തിയത്. കൊച്ചിയിലെ ട്രാന്‍സ്ജെന്‍ഡറും രാഹുലിനെതിരെ ഗുരുതരാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടര്‍ച്ചയായി ഗുരുതര വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയായിരുന്നു. പരാതി ലഭിച്ചാല്‍ ഉടനെ നടപടിയിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. വെളിപ്പെടുത്തിയവരോ തെളിവുകള്‍ പുറത്തുവിട്ടവരോ നിലവില്‍ രാഹുലിനെതിരെ പരാതി നല്‍കിയിട്ടില്ല.
Content Highlight; Allegations against Rahul Mamkoottathil; Sunny Joseph says CPI(M) did not demand resignation