
കാസര്‍കോട്: ഫണ്ട് വെട്ടിപ്പില്‍ കാസര്‍കോട് ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ നടപടിയുമായി സിപിഐഎം. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, മുന്‍ ജില്ലാ സെക്രട്ടറി സി ജെ സജിത്ത്, മുന്‍ ജില്ലാ പ്രസിഡന്റ് പി കെ നിഷാന്ത് എന്നിവര്‍ക്ക് ശാസന. ജില്ലാ പ്രസിഡന്റ് ഷാലു മാത്യുവിനേയും ട്രഷറര്‍ സബീഷിനേയും താക്കീത് ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെ പുറത്താക്കി.
നടപടി മുഴുവന്‍ പാര്‍ട്ടി ഘടകങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റിയാണ് നടപടി അംഗീകരിച്ചത്. ഗുരുതര സാമ്പത്തിക തിരിമറിയാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ കണ്ടെത്തിയിരിക്കുന്നത്. സി ജെ സജിത്ത് സ്ഥാനം ഒഴിഞ്ഞതിന് തൊട്ട് പിന്നാലെ ലക്ഷങ്ങള്‍ തന്റെയും സുഹൃത്തിന്റെയും അക്കൗണ്ടിലേക്ക് മാറ്റി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ട്രഷററുടെ വ്യാജ ഒപ്പിട്ട് പണം പിന്‍വലിച്ചെന്നും പാര്‍ട്ടി കണ്ടെത്തി. ഒരു ദിവസം മാത്രം പെട്രോള്‍ അടിക്കാന്‍ 3000 രൂപ വരെ പിന്‍വലിച്ചെന്നും കണ്ടെത്തല്‍.
പരാതിക്കാരനായ കെ സബീഷിനെതിരായ നടപടി ജാഗ്രതക്കുറവിനെ തുടര്‍ന്നാണ്. പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷനാണ് ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സിപിഐഎം ജില്ലാ സെക്രട്ടറി എം രാജഗോപാല്‍ പങ്കെടുത്ത് ഡിവൈഎഫ്‌ഐ ഫ്രാക്ഷന്‍ യോഗം വിളിക്കുകയായിരുന്നു
Content Highlights: Fund irregularity CPIM take action against DYFI leaders in Kasargode