'ബസിന് അകത്തുകയറാനല്ല, ഫുട്‌ബോര്‍ഡില്‍ നില്‍ക്കാനായിരുന്നു തനിക്കും ലാലിനും താത്പര്യം'; പ്രിയദര്‍ശന്‍

വന്ദനം സിനിമയിൽ ബസിൻ്റെ ഫുട്‌ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്യുന്നത് ഷൂട്ട് ചെയ്തിട്ടുണ്ടെന്നും അന്ന് ഗണേഷ്‌കുമാറാണ് വണ്ടി ഓടിക്കുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു

dot image

തിരുവനന്തപുരം: കോളേജ് പഠനകാലത്തെ ബസ് യാത്രയുടെ ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ബസിന് അകത്തുകയറാനല്ല, ഫുട്‌ബോര്‍ഡില്‍ നില്‍ക്കാനായിരുന്നു അക്കാലത്ത് തങ്ങള്‍ക്ക് താത്പര്യമെന്നും പ്രിയദര്‍ശന്‍ ഓര്‍മിച്ചു. ഫുട്‌ബോര്‍ഡില്‍ എങ്ങനെ നില്‍ക്കാന്‍ പറ്റും എന്നതാണ് ചിന്തയെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ബസ് യാത്രയിൽ ഒരുപാട് ബന്ധങ്ങൾ ഉണ്ടാകുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ഓര്‍മ എക്‌സ്പ്രസിന്റെ ആദ്യ യാത്രയില്‍ ഗതാഗതമന്ത്രി ഗണേഷ്‌കുമാറിനും നടന്മാരായ മണിയന്‍പിള്ള രാജുവിനും നന്ദുവിനുമൊപ്പം യാത്ര ചെയ്യുകയായിരുന്നു പ്രിയദര്‍ശന്‍.

മോഹന്‍ലാലിനൊപ്പമുള്ള ബസിൽ യാത്ര ചെയ്തതതും പ്രിയദര്‍ശന്‍ ഓര്‍ത്തെടുത്തു. ചെങ്ങളൂർ ജംങ്ഷനിൽ നിന്നു താൻ കയറുന്ന അതേ കെഎസ്ആർടിസി സ്റ്റുഡന്റ് ഒൺലി ബസിൽ ഇന്നത്തെ സൂപ്പർസ്റ്റാർ മോഹൻ ലാലും അന്ന് കയറുമായിരുന്നു. ഞങ്ങളെല്ലാം ഫുട്ബോർഡിൽ നിന്നാകും യാത്ര ചെയ്യുന്നതെന്നും കോളേജിലേക്കുള്ള ബസ് യാത്ര ഓർമ്മിച്ച് പ്രിയദർശൻ പറഞ്ഞു.

വന്ദനം സിനിമയിൽ ബസിൻ്റെ ഫുട്‌ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്യുന്നത് ഷൂട്ട് ചെയ്തിട്ടുണ്ടെന്നും അന്ന് ഗണേഷ്‌കുമാറാണ് വണ്ടി ഓടിക്കുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ‍ഞാൻ കണ്ട ഡ്രൈവർമാരിൽ എറ്റവും നല്ലയാളാണ് ഗണേഷെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. വളരെ സ്പീഡില്‍ പോയാലും നമ്മുക്ക് ധൈര്യമായി വണ്ടിയിൽ ഇരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി ഡബിൾ ഡെക്കർ ബസ് കൊണ്ടുവന്നത് ഒരു ലണ്ടൻ കൾച്ചറിൻ്റെ ഭാ​ഗമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഇന്ന് തിരുവനന്തപുരത്ത് വോൾവോ ബസിൽ കയറാൻ മോഹൻലാൽ വരുമെന്നും ഗണേഷ്‌കുമാർ അറിയിച്ചു. ഫുട്‌ബോര്‍ഡില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവരെ ഫുട്‌ബോര്‍ഡില്‍ നിർത്തി ഫോട്ടോ എടുക്കുമെന്നും ഗണേഷ്‌കുമാർ പറഞ്ഞു. വോൾവോയുടെ സ്ലീപ്പർ ബസ് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കണ്ടക്ടർമാരുടെ ചില സ്വഭാവങ്ങൾ യാത്രക്കാരെ അസ്വസ്ഥരാക്കുന്നതിനെ പറ്റിയും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. എന്നാൽ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരായ കണ്ടക്ടർമാർ നന്നായി പെരുമാറി തുടങ്ങിയിട്ടുണ്ടെന്നും അത് കെഎസ്ആർടിസിക്ക് ഗുണമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 18-ാം തിയതി 83 ലക്ഷമായിരുന്നു കെഎസ്ആർടിസിയുടെ നഷ്ടം. എന്നാൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 18-ന് അത് 10 ലക്ഷം രൂപ മാത്രമായി കുറഞ്ഞുവെന്നും കളക്ഷൻ കൂടിയിട്ടുണ്ടോ എന്ന മണിയൻപിള്ള രാജുവിൻ്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകുന്നുണ്ട്. പല മാസങ്ങളിലും പല ദിവസങ്ങളിലും വലിയ വ്യത്യാസങ്ങൾ ഉണ്ടാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Content Highlight : There are many connections on a bus journey; Director Priyadarshan shares memories of a bus journey

dot image
To advertise here,contact us
dot image