
കൊച്ചി: എയര്‍ ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി യാത്രക്കാര്‍. വിമാനം നിശ്ചയിച്ച സമയത്തിലും നേരത്തെ പുറപ്പെടാന്‍ തയ്യാറെടുത്തതിനാല്‍ അഞ്ചംഗ സംഘത്തിന്റെ യാത്ര മുടങ്ങിയതായി പരാതി. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കായിരുന്നു സംഘത്തിന്റെ യാത്ര. സംഭവത്തില്‍ യാത്രക്കാര്‍ എയര്‍ ഇന്ത്യക്കെതിരെ പരാതി നല്‍കി.
ഇന്ന് പുലര്‍ച്ചെ 5.20 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനായി 4.35 ന് കൊച്ചി നെടുമ്പാശ്ശേരി വാമനത്താവളത്തിലെത്തിയ സംഘം ബാഗേജ് ചെക്കിംഗിനായി പോയപ്പോള്‍ 'ഫ്‌ളൈറ്റ് നേരത്തെ പുറപ്പെടുന്നതിനാൽ പൈലറ്റ് ഫയല്‍ നേരത്തെ ക്ലോസ് ചെയ്തു. യാത്ര ചെയ്യാന്‍ പറ്റില്ല' എന്ന് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. തുടർന്ന് വ്യക്തതക്കായി തങ്ങള്‍ക്ക് യാത്ര ചെയ്യാനാണോ ബാഗേജ് കയറ്റിവിടാതിരിക്കാനാണോ തടസ്സം എന്ന് തിരക്കിയപ്പോള്‍ ബാഗേജ് കയറ്റിവിടാന്‍ സാധിക്കില്ല. യാത്ര ചെയ്യാന്‍ സാധിക്കുമോയെന്ന് പരിശോധിച്ച് മറുപടി പറയാമെന്നായിരുന്നു ജീവനക്കാരുടെ മറുപടി. പിന്നാലെ പെെലറ്റ് ഫയല്‍ ക്ലോസ് ചെയ്തതിനാല്‍ യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന് ജീവനക്കാർ അറിയിക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.
മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സംസാരിക്കാന്‍ സാധിക്കുമോയെന്ന് യാത്രക്കാര്‍ തിരക്കിയപ്പോൾ അത്തരം നടപടിക്രമങ്ങളൊന്നും നിലവിലില്ലെന്നായിരുന്നു മറുപടി. സീനിയര്‍ ഓഫീസറെ ബന്ധപ്പെട്ടപ്പോള്‍ ഫയല്‍ ക്ലോസ് ചെയ്‌തെന്ന സമാന മറുപടിയാണ് തുടർന്ന് ലഭിച്ചതെന്നും പരാതിക്കാർ പറയുന്നു. നാല് യാത്രക്കാർക്കാണ് ദുരനുഭവം നേരിട്ടത്. ഇതോടെ മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന അഞ്ചാമത്തെയാളും യാത്ര കാന്‍സല്‍ ചെയ്ത് ഇറങ്ങിപ്പോരുകയായിരുന്നു. ടിക്കറ്റിന്റെ പണം തിരിച്ചുനൽകാനോ അടുത്ത ഫ്‌ളൈറ്റിലേക്ക് മാറ്റി തരാനോ സാധ്യതയുണ്ടോയെന്ന് ചോദിച്ചപ്പോഴും നിസ്സഹകരണമായിരുന്നു എയര്‍ ഇന്ത്യ സ്വീകരിച്ചത്.
യാത്ര മുടങ്ങിയതോടെ എയര്‍ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം ബുക്ക് ചെയ്തപ്പോഴും നേരിട്ടത് ദുരനുഭവമെന്ന് ഇവര്‍ പറയുന്നു. 9.15 ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ ടിക്കറ്റ് ലഭ്യമായിരുന്നില്ല. തുടര്‍ന്ന് 11.30 ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ഓണ്‍ലൈനായി അഞ്ച് ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. 1,20,000 രൂപ നല്‍കിയാണ് ഓണ്‍ലൈനായി അഞ്ച് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ ടിക്കറ്റിന്റെ പ്രിന്റ് വന്നപ്പോള്‍ 11.30 ന്റെ വിമാനത്തില്‍ രണ്ട് ടിക്കറ്റ്, 1.30 ന്റെ വിമാനത്തിൽ മൂന്ന് ടിക്കറ്റ് എന്ന നിലയ്ക്കാണ് ലഭിച്ചതെന്നും സംഘം പറയുന്നു.
ഇത്തരത്തില്‍ ടിക്കറ്റിനായി സംഘത്തിന് ആകെ 2,20,000 രൂപ നഷ്ടമായി.
വിമാനത്തിന്റെ സമയ മാറ്റം സംബന്ധിച്ച് വിമാനക്കമ്പനി മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സമയം മാറ്റിയ വിവരം അറിയുന്നത്
Content Highlight; Passengers unaware of schedule change of air india flight filed complaint