
കോഴിക്കോട്: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍. ചര്‍ച്ച നടക്കുന്നത് ദിയാധനവുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു. പല വ്യക്തികളും പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. സഹോദരന്റേത് ഒറ്റപ്പെട്ട അഭിപ്രായമാണ്. മാതാപിതാക്കള്‍ക്കുള്ളത് വ്യത്യസ്തമായ നിലപാടാണ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രചരണം തള്ളി തലാലിന്റെ സഹോദരന്‍ അബ്ദുള്‍ ഫത്താഫ് മെഹ്തി രംഗത്തെത്തിയിരുന്നു. തലാല്‍ ആക്ഷന്‍ കൗണ്‍സില്‍ മുന്‍ വക്താവിന്റേതെന്ന തരത്തില്‍ പുറത്തുവന്ന വീഡിയോക്ക്് എതിരെയാണ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
തലാല്‍ കേസില്‍, അപൂര്‍ണ്ണമായ റിപ്പോര്‍ട്ടുകള്‍ മാത്രമല്ല കെട്ടിച്ചമച്ച വിവരണങ്ങളും തങ്ങള്‍ക്ക് നേരിടേണ്ടി വരുന്നു.തലാല്‍ വര്‍ക്കിംഗ് കമ്മിറ്റി വക്താവ് എന്ന് അവകാശപ്പെടുന്നയാള്‍ ഇല്ലാത്ത കഥകള്‍ മെനയുകയാണ്. ഭാവനയില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നു. എന്നാല്‍ ഇതെന്നുമല്ല സത്യം. ഇതൊക്കെ പറയാന്‍ ഇയാള്‍ ആരാണെന്നും മെഹ്തി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
മാധ്യമങ്ങള്‍ക്കെതിരെയും പോസ്റ്റില്‍ ശക്തമായ വിമര്‍ശനമുണ്ട്. കഥകളും നോവലുകളും രചിക്കുന്നത് ഇന്ത്യന്‍ സിനിമകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ ചില മാധ്യമങ്ങള്‍ സിനിമകളുമായി മത്സരിക്കുകയാണ്. വാക്കുകള്‍ കെട്ടിച്ചമയ്ക്കുന്നതിലും വസ്തുതകള്‍ വളച്ചൊടിക്കുന്നതിലും മാധ്യമങ്ങള്‍ മികവ് പുലര്‍ത്തുന്നുവെന്നും മെഹ്തി ഫേസ് ബുക്കില്‍ കുറിച്ചു.
Content Highlights: