
തിരുവനന്തപുരം: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അവസരവാദിയെന്ന പരാമര്‍ശം ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദി എന്ന് തന്നെ പറയുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. അവസരവാദം എന്നത് അശ്ലീലഭാഷയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റായ നിലപാട് സ്വീകരിച്ച സഭയിലെ ചിലരെ മാത്രമാണ് വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗോവിന്ദച്ചാമി സംസാരിക്കുന്നത് പോലെ എം വി ഗോവിന്ദന്‍ സംസാരിക്കരുതെന്ന പരാമര്‍ശത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ഓരോരുത്തരും അവരുടെ നിലവാരത്തിനനുസരിച്ചാണ് പ്രതികരിക്കുകയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
'സിപിഐഎം -സഭ പോര് എന്ന ഒന്നില്ല. സഭയില്‍ രണ്ടു വിഭാഗമുണ്ട്. കുര്‍ബാന നടത്താന്‍ പാര്‍ട്ടി ഓഫീസ് വിട്ടു കൊടുത്തവരാണ് സിപിഐഎം. ചില ബിഷപ്പുമാര്‍ സംഘപരിവാറിനെ മനസ്സിലാക്കുന്നില്ല', അദ്ദേഹം പറഞ്ഞു. തൃശ്ശൂരിലെ വോട്ട് വിവാദത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മറ്റിടങ്ങളില്‍ നിന്ന് തൃശ്ശൂരിലെത്തി വോട്ട് ചേര്‍ത്തത് തെറ്റായ നടപടിയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ബിജെപി രാഷ്ട്രീയമായി ഉത്തരം പറയണം. പരിശോധിച്ച് നിലപാട് സ്വീകരിക്കണം. ആവശ്യമായ പരിശോധന നടത്തണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാള്‍ ഇല്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോഴും ജാമ്യം ലഭിച്ചപ്പോഴും പാംപ്ലാനി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഗോവിന്ദന്റെ കടന്നാക്രമണം. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതി. അച്ചന്മാര്‍ കേക്കും കൊണ്ട് സോപ്പിടാന്‍ പോയി. ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്ലിമോ കമ്മ്യൂണിസ്റ്റോ രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
എന്നാല്‍ അതേ നാണയത്തില്‍ തലശ്ശേരി അതിരൂപതയും മറുപടി നല്‍കിയിരുന്നു. എകെജി സെന്റില്‍നിന്നും തിട്ടൂരം വാങ്ങിയതിന് ശേഷം മാത്രമേ കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ പ്രസ്താവന നടത്താന്‍ പാടുള്ളൂ എന്ന സമീപനം ഉള്ളില്‍ ഒളിപ്പിച്ചുവെച്ച ഫാസിസത്തിന്റെ മറ്റൊരു മുഖമാണെന്നായിരുന്നു തലശ്ശേരി അതിരൂപതയുടെ വിമര്‍ശനം. ഗോവിന്ദച്ചാമി സംസാരിക്കുന്നതുപോലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സംസാരിക്കരുതെന്നായിരുന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ഫിലിപ്പ് കവിയിലിന്റെ പ്രതികരണം. മൈക്കും കുറേ ആളുകളെയും കാണുമ്പോള്‍ സ്ഥലകാലബോധം നഷ്ടപ്പെട്ടാണ് എം വി ഗോവിന്ദന്റെ പ്രതികരണമെന്നാണ് ഫാ. ഫിലിപ്പ് കവിയില്‍ പറഞ്ഞത്.
Content Highlights: M V Govindan again says against Mar Joseph Pamplani